
പത്തനംതിട്ട: ദേവസ്വംബോർഡിന്റെയും സർക്കാരിന്റെയും ഗുരുതര അനാസ്ഥ കാരണം അയ്യപ്പഭക്തർക്ക് തീർത്ഥാടനകാലം ദുരിതകാലമായെന്ന് ശബരിമല അയ്യപ്പസേവാ സമാജം. മുന്നൊരുക്കങ്ങളുടെയും മുൻകരുതലുകളുടെയും അഭാവം കാരണം തീർത്ഥാടനകാലം അയ്യപ്പന്മാർക്ക് ദുരിതകാലമായെന്നും വ്രതം നോറ്റെത്തിയ ഭക്തർ ദർശനം കിട്ടാതെ പന്തളത്തെത്തി നെയ്യഭിഷേകം നടത്തി ഇരുമുടി സമർപ്പിച്ച് മടങ്ങേണ്ടി വന്നെന്നും അയ്യപ്പസേവാ സമാജം സംസ്ഥാന അദ്ധ്യക്ഷൻ പി എൻ നാരായണ വർമ്മ പറഞ്ഞു.
14 മണിക്കൂർ കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ കൊച്ചുകുട്ടികളുമായി ഭക്തർ കാത്തുനിൽക്കുന്നത് വേദനാജനകമായ കാഴ്ച്ചയാണ്. ശബരിമലയിലെ സ്ഥിതി ഭയാനകം എന്ന ദേവസ്വം പ്രസിഡന്റിന്റെ പ്രസ്‌താവന ബോർഡിന്റെ 'സുഖദർശനം-സുരക്ഷിത ദർശനം' എന്ന പ്രഖ്യാപനം വെറും പാഴ്‌വാഗ്‌ദാനമാണ് എന്ന വീഴ്‌ച സമ്മതിക്കുന്നതാണ്. മാസപൂജയിലടക്കം ഉണ്ടായ അപകടങ്ങൾ ചൂണ്ടിക്കാട്ടിയ സമാജം വിശ്വാസി സമൂഹത്തോട് ബോർഡിന്റെയും സർക്കാരിന്റെയും അവഗണനാ മനോഭാവത്താൽ ഭക്തർ ദുരിതം അനുഭവിക്കുന്നെന്നും സംഘടന ആരോപിച്ചു.
'അയ്യപ്പവിശ്വാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിൽ നിലവിലെ സാഹചര്യത്തിൽ പരാജയപ്പെട്ട നിലയ്ക്ക് ബോർഡും സർക്കാരും തങ്ങളുടെ അഹന്ത വെടിഞ്ഞ് ശബരിമലയിലേക്ക് വരുന്നതും ദുരിതം അനുഭവിക്കുന്നതുമായ തീർത്ഥാടകർക്ക് കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യാൻ ഭക്തജനസംഘടനകളെ വിശ്വാസത്തിലെടുക്കാനും ഒപ്പംചേർക്കാനും തയ്യാറാവണം.' പി എൻ നാരായണ വർമ്മ ആവശ്യപ്പെടുന്നു. ഭക്തർക്ക് സുഖകരവും സമാധാനപ്രദവുമായ ദർശനത്തിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |