തിരുവനന്തപുരം: യമനിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾ ഇന്നും തുടരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നടത്തിയ നീക്കങ്ങൾ മനുഷ്യത്വവും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്ന തരത്തിലുളളതാണെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
'കാന്തപുരം ഇപ്പോൾ നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട മുസ്‌ലിയാരായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന് പല വശങ്ങളിൽ നിന്നും വലിയ രീതിയിലുളള അഭിനന്ദനങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. സ്വാഭാവികമായിട്ടും മനുഷ്യത്വവും മതനിരപേക്ഷ മൂല്യവും ഉയർത്തിപ്പിടിക്കുന്ന രീതിയിലുളള കേരളത്തിന്റെ സന്ദേശമാണ് ഇപ്പോഴുണ്ടായത്. ഈ കാര്യം അദ്ദേഹം ലോകത്തിനുമുന്നിൽ അവതരിപ്പിക്കുകയാണ് ചെയ്തത്. അദ്ദേഹം പരിചയമുളള മതപണ്ഡിതൻമാരുമായി ചർച്ച ചെയ്തു. പിന്നീട് അവരാണ് ഭരണാധികാരികളുമായി ബന്ധപ്പെട്ട് വധശിക്ഷ താൽക്കാലികമായി മാറ്റി വച്ചത്. ഇനിയും തുടർച്ചയായ ചർച്ചകൾ നടത്തുമെന്നാണ് കാന്തപുരം ഞങ്ങളോട് പറഞ്ഞത്'- എം വി ഗോവിന്ദൻ വ്യക്തമാക്കി.
ഇന്നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കേണ്ടത്. കാന്തപുരം എപി അബൂബക്കർ മുസ്ളിയാരുടെയും, വിദേശകാര്യ മന്ത്രാലയം, ഗവർണർ വി.ആർ. ആർലേക്കർ, സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ എന്നിവയുടെ ഇടപെടലിനെ തുടർന്നാണ് ശിക്ഷ മാറ്റിവച്ചത്. ആക്ഷൻ കൗൺസിലാണ് വധശിക്ഷ മാറ്റിവച്ചവിവരം ഇന്നലെ ഉച്ചകഴിഞ്ഞറിയിച്ചത്. വിദേശകാര്യ മന്ത്രാലയവും കാന്തപുരം എ.പി. അബൂബക്കർ മുസ്ളിയാരും ഇത് സ്ഥിരീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |