കൽപ്പറ്റ: മേജർ സീതാ അശോക് ഷിൽകെ.. വയനാട്ടിലെ ദുരന്തഭൂമിയിൽ രക്ഷാകവാടമായ ബെയ്ലി പാലം നിർമ്മിച്ച സൈനിക സംഘത്തിലെ ഏക പെൺ കരുത്ത്. കുത്തിയൊലിച്ചൊഴുകുന്ന പുഴയും കനത്ത മഴയുമടക്കമുള്ള വെല്ലുവിളികളെ അതിജീവിച്ച് രാപകൽ ഭേദമില്ലാതെ പാലം നിർമ്മാണത്തിന് നിർദ്ദേശം നൽകിയും ഒപ്പംകൂടിയും ആദ്യവസാനം സേനാംഗങ്ങൾക്കൊപ്പം നിലകൊണ്ടു. പാലം നിർമ്മിച്ച മദ്രാസ് എൻജിനിയർ ഗ്രൂപ്പിലെ (ബംഗളൂരു മദ്രാസ് സാപ്പേഴ്സ് ) എൻജിനിയർ. ഇവിടെയെത്തിയ സംഘത്തിലെ ഏക വനിത. മഹാരാഷ്ട്ര സ്വദേശി.
'സൈന്യത്തിൽ ആൺ, പെൺ വ്യത്യാസമില്ല. എല്ലാവരും രാജ്യത്തെ സേവിക്കുന്നവർ. ഞാൻ എന്റെ കടമ നിർവഹിച്ചു.' ഇതേക്കുറിച്ച് ചോദിച്ചാൽ സീതയുടെ മറുപടി. തുടർച്ചയായ മഴയും നിർമ്മാണ സാമഗ്രികൾ എത്തിക്കാൻ നേരിട്ട ബുദ്ധിമുട്ടും മാത്രമാണ് ചെറിയ വെല്ലുവിളി സൃഷ്ടിച്ചത്. ഉദ്യമം പൂർത്തിയാക്കാൻ കൂടെനിന്ന സംസ്ഥാന സർക്കാരിനും പ്രാദേശിക ഭരണകൂടങ്ങൾക്കും നന്ദി. ജനങ്ങളും സഹായിച്ചു. ഞാൻ ടീമിലെ ഒരംഗം മാത്രം. രാവും പകലുമില്ലാതെ ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്ന എല്ലാ സൈനികർക്കും ഈ വിജയത്തിൽ അഭിമാനിക്കാമെന്നും പറഞ്ഞു.
സൈന്യത്തിൽ
ചേർന്നത് 2012ൽ
അഹമ്മദ്നഗർ ജില്ലയിലെ ഗാഡിൽഗാവ് എന്ന ചെറിയ ഗ്രാമത്തിൽ ജനിച്ച സീത നാടിന്റെ അഭിമാനമാണ്. കർഷകനും അഭിഭാഷകനുമായിരുന്ന അശോക് ഭിക്കാജി ഷെൽക്കെയുടെ നാലു പെൺമക്കളിൽ രണ്ടാമത്തവൾ. മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരി. 2012ൽ സൈന്യത്തിൽ ചേർന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ സൈനിക ഉദ്യോഗസ്ഥയെക്കുറിച്ച് പത്രത്തിൽ വന്ന ലേഖനമാണ് സൈന്യത്തിൽ ചേരാനുള്ള പ്രചോദനം. ഐ.പി.എസുകാരി ആകണമെന്നായിരുന്നു കുട്ടിക്കാലത്തെ മോഹം. അതിലേക്ക് നയിക്കാൻ ആരുമില്ലാതെ വന്നതോടെ സൈന്യത്തിന്റെ ഭാഗമാകാനുള്ള ശ്രമമായി. രണ്ടുതവണ എസ്.എസ്.ബി പരീക്ഷയിൽ പരാജയപ്പെട്ടു. മൂന്നാം തവണ കടമ്പ കടന്നു.
''സൈന്യത്തിന്റെ ഭാഗമാകണമെന്ന തന്റെ സ്വപ്നത്തിന് രക്ഷിതാക്കൾ വലിയ പിന്തുണ നൽകി
-മേജർ സീതാ അശോക് ഷിൽകെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |