അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ പുതിയ വിവരങ്ങൾ പങ്കുവച്ച് ഹൈബി ഈഡൻ എം.പി. ആരോഗ്യം വീണ്ടെടുത്ത് ഉമ തോമസ് ഉടൻ തിരിച്ചുവരുമെന്നും, ശരീരത്തിനേറ്റ ചതവുകളും മുറിവുകളും അവരുടെ മനസിനേറ്റിട്ടില്ല എന്നത് സന്തോഷം നൽകുന്ന ഒന്നാണെന്നും ഹൈബി ഈഡൻ കുറിച്ചു.
ഹൈബി ഈഡന്റെ വാക്കുകൾ-
''ഇന്ന് ഉമ ചേച്ചിയെ കണ്ടു.
അപകടത്തിന് ശേഷം ആദ്യമായാണ് ചേച്ചിയെ നേരിൽ കാണുന്നത്. ശരീരത്തിനേറ്റ ചതവുകളും മുറിവുകളും അവരുടെ മനസിനേറ്റിട്ടില്ല എന്നത് സന്തോഷം നൽകുന്ന ഒന്നാണ്. ചേച്ചി കൂടുതൽ ഊർജ്ജസ്വലതയോടെ തിരിച്ചു വരും.ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ പ്രാർത്ഥനകൾ ഫലിച്ചിരിക്കുന്നു.
ചെറിയൊരു പ്രശ്നമുള്ള ചേച്ചിയുടെ ഒരു കണ്ണ് ചൂണ്ടിക്കാട്ടി “ എന്നെ കണ്ടാൽ ഇപ്പോ കുളപ്പുള്ളി അപ്പനെ പോലില്ലേ” എന്നൊരു ചോദ്യം. എത്ര നർമ്മം കലർത്തിയാണ് ചേച്ചിയുടെ സംസാരം..വളരെ കൗതുകത്തോടെ അവരെ നോക്കിയിരുന്നു പോയി. വല്ലാത്തൊരു പോസിറ്റീവ് എനർജി. തമാശ കലർന്ന വിശേഷങ്ങൾ, മണ്ഡലത്തിലെ കാര്യങ്ങളെ കുറിച്ചുള്ള ആശങ്കകൾ എന്നിവയെല്ലാം ചർച്ചയായി. ആശുപത്രിയിൽ നിന്ന് ഇറങ്ങിയിട്ടും ചേച്ചിയുടെ ഒരു ഊർജ്ജം കൂടെ പോന്ന പോലെ. ആ കരുത്ത് കൊണ്ട് തന്നെയായിരിക്കാം ഇത്രയും വേഗത്തിൽ ഇത്രയും വലിയ അപകടത്തിൽ നിന്നും അവർ തിരിച്ചു കയറി വരുന്നതും.
അപകടം നടന്ന നാൾ മുതൽ ദിവസവും ആശുപത്രിയിലെത്തി ഡോക്ടർമാരുമായി ആശയവിനിമയം നടത്താറുണ്ടായിരുന്നു. ഉമ ചേച്ചിയുടെ തിരിച്ചു വരവിൽ റിനൈ ആശുപത്രിയും ഡോക്ടർമാരും നൽകിയ അകമഴിഞ്ഞ പിന്തുണ നന്ദിയോടെ സ്മരിക്കുന്നു.''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |