കാസർകോട്: പെരിയ കേസിൽ നിയമപോരാട്ടം നടത്തുന്നതിന് ഫണ്ട് പിരിവുമായി സിപിഎം. സ്പെഷ്യൽ ഫണ്ട് എന്ന പേരിലാണ് പണപ്പിരിവ്. പാർട്ടി അംഗങ്ങൾ 500 രൂപ വീതവും, ജോലിയുള്ളവർ ഒരു ദിവസത്തെ ശമ്പളവും നൽകണമെന്നാണ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നിർദേശം.
ഈ മാസം ഇരുപതിനകം പണം ഏരിയ കമ്മിറ്റികൾക്ക് കൈമാറണമെന്നാണ് നിർദേശത്തിലുള്ളത്. 28000ത്തിലേറെ അംഗങ്ങളാണ് സിപിഎമ്മിന് ജില്ലയിലുള്ളത്. ഇവർക്ക് പുറമെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമുണ്ട്.
ഹൈക്കോടതി സ്‌റ്റേ ലഭിച്ചതിനെ തുടർന്ന് മോചിതരായ ഉദുമ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനടക്കമുള്ള പ്രതികളായ നാല് സിപിഎം നേതാക്കൾക്കും വൻ സ്വീകരണമാണ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, മുതിർന്ന നേതാവ് പി ജയരാജൻ, സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രൻ തുടങ്ങിയ നേതാക്കളും നിരവധി പ്രവർത്തകരും ഇവരെ സ്വീകരിക്കാൻ എത്തിയിരുന്നു. രക്തഹാരമണിയിച്ചാണ് ജയിലിന് പുറത്തെത്തിയ നാലുപേരെയും സ്വീകരിച്ചത്. സിപിഎം നേതാക്കളായതുകൊണ്ടാണ് തങ്ങളെ പ്രതിചേർത്തതെന്നും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നുമായിരുന്നു കെ വി കുഞ്ഞിരാമന്റെ പ്രതികരണം.
ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീലിനൊപ്പം നൽകിയ അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ശിക്ഷ സ്റ്റേ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |