കൊച്ചി: സൗദി അറേബ്യൻ യുവതി നൽകിയ ലൈംഗികാതിക്രമ കേസിൽ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ വ്ലോഗർ ഷാക്കിർ സുബ്‌ഹാൻ (മല്ലു ട്രാവലർ) നാട്ടിലെത്തുന്നു. ഷാക്കിർ തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. കേസിൽ കഴിഞ്ഞ വെള്ളിയാഴ്‌ച കോടതി ഇടക്കാല മൂൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
'ഒടുവിൽ ഒരു മാസത്തെ സാഹസികതകൾക്കും അനുഭവങ്ങൾക്കുമൊടുവിൽ വീട്ടിലേയ്ക്ക് മടങ്ങുന്നു. കുടുംബവുമായി വീണ്ടും ഒന്നിക്കാനും കഥകൾ പങ്കിടാനും വീട്ടിലെ പരിചിതമായ ആലിംഗനത്തിൽ ആശ്വാസം കണ്ടെത്താനും കാത്തിരിക്കാനാവില്ല'- ഷാക്കിർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
സംസ്ഥാനം വിട്ടുപോകാൻ പാടില്ല, പാസ്‌പോർട്ട് ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്നാണ് വിവരം. നിലവിൽ വിദേശത്തുള്ള വ്ളോഗർ നാട്ടിൽ മടങ്ങിയെത്തുമെന്ന് അഭിഭാഷകൻ അറിയിച്ച സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചത്.
നേരത്തെ ഷാക്കിറിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഷാക്കിർ വിദേശത്ത് തുടരുന്നതിനാലാണ് പൊലീസ് നടപടി സ്വീകരിച്ചത്. എന്നാൽ ഈ വാർത്തകൾ വ്ളോഗർ തള്ളിയിരുന്നു. പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നായിരുന്നു പ്രതികരണം. ഒരാൾ കള്ളക്കേസ് കൊടുത്തതിന്റെ പേരിൽ നാട്ടിലേയ്ക്ക് വരേണ്ട കാര്യമില്ലെന്നും പൊലീസോ കോടതിയോ ആവശ്യപ്പെട്ടാൽ മാത്രമേ വരേണ്ടതുള്ളൂവെന്നുമാണ് ഷാക്കിർ സമൂഹമാദ്ധ്യമ പോസ്റ്റിൽ വ്യക്തമാക്കിയത്.
29കാരിയായ സൗദി യുവതിയാണ് മല്ലു ട്രാവലർക്കെതിരെ പീഡന പരാതി നൽകിയത്. എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് ഷാക്കീർ സുബ്‌ഹാൻ ഹോട്ടലിലെത്തിയത്. ഈ സമയം യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ, പിന്നീട് ഇയാൾ പുറത്തേക്ക് പോയ സമയത്ത് ഷാക്കീർ പീഡന ശ്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |