കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടന് (ഹിരൺദാസ് മുരളി) മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രത്യേക വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സെപ്തംബർ ഒൻപതിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും നിർദേശമുണ്ട്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് വിധി പറഞ്ഞത്. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നാണ് വേടനെതിരെയുള്ള പരാതി. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ഇതിന് പിന്നാലെ വേടൻ ഒളിവിൽപ്പോയിരുന്നു. അന്തിമ ഉത്തരവ് വരുംവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശമുണ്ട്.
വേടന്റെ ഹർജിയെ പരാതിക്കാരി ശക്തമായി എതിർത്തിരുന്നു. വിഷാദം കാരണമാണ് പരാതി നൽകാൻ വൈകിയതെന്നായിരുന്നു ഹർജിക്കാരിയുടെ വിശദീകരണം. എന്നാൽ ഈ സമയത്തൊക്കെ ജോലിക്ക് പോയിരുന്നോ എന്ന് കോടതി ആരാഞ്ഞു. ഹർജിക്കാരന് പലരുമായും സ്നേഹബന്ധമുണ്ടോ എന്നും ചോദിച്ചു. പരാതിക്കാരിയുമായുള്ള ബന്ധം മുറിഞ്ഞശേഷം മാത്രമാണ് മറ്റ് ബന്ധം ഉണ്ടായതെന്നും വേടന്റെ അഭിഭാഷകൻ കോടതിയോട് വ്യക്തമാക്കിയിരുന്നു.
വിവാഹത്തിൽ നിന്ന് വേടൻ പിന്മാറിയത് അതിജീവിതയുടെ മാനസികാരോഗ്യം തകർത്തെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടിയിരുന്നു. സമാനമായ പരാതികൾ മറ്റ് യുവതികൾ ഉന്നയിച്ചിട്ടുണ്ടെന്നും പറഞ്ഞു. എന്നാൽ സ്വന്തം കേസിന്റെ പരിധിയിൽ നിന്ന് വാദിക്കണമെന്ന് കോടതി നിർദേശിച്ചു. കോടതി മുമ്പാകെയുള്ള രേഖകൾ പ്രകാരമാണ് തീരുമാനമെടുക്കുക. സമൂഹമാദ്ധ്യമ പോസ്റ്റുകളും മറ്റും ആധാരമാക്കിയുള്ള അടിസ്ഥാനമില്ലാത്ത വാദങ്ങൾ പരിഗണിക്കാനാകില്ല. പരാതിക്കാരിയുടെ അഭിഭാഷക നിയമത്തിന്റെ പരിധിക്കപ്പുറം കടക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കോടതി വാക്കാൽ പറഞ്ഞിരുന്നു. വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയെന്നത് ക്രിമിനൽ കുറ്റം ചുമത്താൻ പര്യാപ്തമാകില്ലെന്നും കോടതി വിലയിരുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |