കൊല്ലം; ചവറ കുടുംബ കോടതി ജഡ്ജി ഉദയകുമാറിനെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണം ആരംഭിച്ചു. പരാതിക്കാരിൽ നിന്ന് വിവരം ശേഖരിക്കും. സംസ്ഥാനത്തെ ജില്ലാ കോടതികളുടെ ചുമതല വഹിക്കുന്ന രജിസ്ട്രാർ ഡിസ്ട്രിക്റ്റ് ജൂഡീഷ്യറിയാണ് പരാതികൾ അന്വേഷിക്കുന്നത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി വിഷയം പരിഗണിക്കും.
അതേസമയം, സംഭവത്തിൽ ഇരയ്ക്ക് ഒപ്പമാണെന്ന് ബാർ അസോസിയേഷൻ വ്യക്തമാക്കി. പരാതികളിൽ മുഖം നോക്കാതെയുള്ള നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൊല്ലം ബാർ അസോസിയേഷൻ സെക്രട്ടറി കെ ബി മഹേന്ദ്ര പറഞ്ഞു. കോടതികളുമായി ബന്ധപ്പെട്ട് ഇത്തരം പരാതികൾ ഉയരുന്നത് ആശാസ്യകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാഹ മോചന കേസിന് ഹാജരായ സ്ത്രീക്കെതിരെ ജഡ്‌ജി ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായാണ് പരാതി. കഴിഞ്ഞ 19ന് ചേംബറിലെത്തിയ വനിതാ കക്ഷിയോട് ഉദയകുമാർ അപമര്യാദയായി പെരുമാറിയെന്ന പരാതിയാണ് ഉയർന്നത്. യുവതി ജില്ലാ ജഡ്‌ജിക്ക് നൽകിയ പരാതി ഹൈക്കോടതിക്ക് കൈമാറുകയായിരുന്നു. പിന്നാലെ 20ന് നടപടികളുടെ ഭാഗമായി ഉദയകുമാറിനെ കൊല്ലം എംഎസിടി കോടതിയിലേക്ക് സ്ഥലം മാറ്റി.
വിവാഹമോചനത്തിനായി കുടുംബ കോടതിയിലെത്തുന്ന മാനസികമായി തളർന്ന സ്ത്രീകളെ സാധാരണ അഭിഭാഷകരാണ് കൗൺസിലിംഗിന് വിധേയരാക്കുന്നത്. എന്നാൽ ഉദയകുമാർ നേരിട്ട് ചേംബറിലേക്ക് വിളിച്ചതിനുശേഷം ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പരാതി. കൊല്ലം ജില്ലാ ജഡ്ജിക്ക് പരാതികൾ ലഭിച്ചതോടെ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. ഉദയകുമാറിനെതിരെ മൂന്നുപേരാണ് പരാതി ഉന്നയിച്ചതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |