വയനാട്: രാധ എന്ന തൊഴിലാളിയെ കടിച്ചുകൊല്ലുകയും ആർആർടി സംഘാംഗം ജയസൂര്യയെ ആക്രമിക്കുകയും ചെയ്‌ത കടുവയെ ചത്തനിലയിൽ കണ്ടെത്തി. പഞ്ചാരക്കൊല്ലിയ്‌ക്ക് സമീപം പിലാക്കാവിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ ദേഹത്ത് പരിക്കുകളുണ്ടെന്നാണ് വിവരം. ആഴത്തിലുള്ള രണ്ട് മുറിവുകൾ കടുവയുടെ കഴുത്തിലുണ്ട്. ഇത് മറ്റൊരു കടുവയുമായി ഏറ്റുമുട്ടൽ നടത്തിയതിനാലാണ് എന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. ചത്തത് ആളെകൊല്ലി കടുവ തന്നെയാണ് എന്ന് വനംമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.
വെള്ളിയാഴ്‌ച രാധയെ കാപ്പിത്തോട്ടത്തിൽ കൊലപ്പെടുത്തിയ അതേ കടുവ തന്നെയാണ് ചത്തതെന്ന് ശരീരത്തിലെ പാടുകൾ ചൂണ്ടിക്കാട്ടി കൺസർവേഷൻ ബയോളജിസ്‌റ്റും വ്യക്തമാക്കിയിട്ടുണ്ട്. പുലർച്ചെ 12.30ന് പിലാക്കാവിന് സമീപം മൂന്ന്‌റോഡ് എന്നയിടത്ത് ആദ്യം കടുവയെത്തിയിരുന്നു. ഇവിടെവച്ച് ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ദൗത്യസംഘം മയക്കുവെടി വച്ച് കടുവയെ പിടികൂടാൻ ശ്രമിച്ചിരുന്നു. പിന്നീട് പുലർച്ചെ 2.30നടുത്ത് വീണ്ടും കടുവയെ കണ്ടെത്തുകയും അതിനെ പിടികൂടാൻ ദൗത്യസംഘം ശ്രമിക്കുകയും ചെയ്‌തു. ഇതിനിടെ കടുവ അവശനിലയിലെന്ന് മനസിലായി. വൈകാതെ ഒരു വീടിനടുത്തുള്ള പറമ്പിൽ ചത്തനിലയിൽ കണ്ടു. കടുവയുടെ ജഡം ബേസ്‌ക്യാമ്പിൽ എത്തിച്ച് ജനങ്ങളെ കാണിച്ചു. മരണകാരണം വ്യക്തമാകാൻ വിശദമായ പോസ്‌റ്റ്‌മോർട്ടം വൈകാതെ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |