കൊച്ചി: ബീഡിയുണ്ടോ സഖാവേ... തീപ്പെട്ടിയെടുക്കാനെന്ന് ചോദിച്ചാൽ കാക്കനാട് ചെമ്പുമുക്ക് ആശാരിമാട്ടേൽ സന്തോഷ് സസന്തോഷം വീട്ടിലേക്ക് ക്ഷണിക്കും. ബീഡി കിട്ടില്ല. 9600 തരം തീപ്പെട്ടികൾ കാണിച്ചുതന്ന് അമ്പരപ്പിക്കും!
തീപ്പെട്ടിക്കൂട് ശേഖരിക്കുന്ന 'ഫിലുമെനി' ഹോബിയാക്കിയിരിക്കയാണ് ടാക്സി ഡ്രൈവറായ ഈ നാൽപ്പത്തിയെട്ടുകാരൻ. 2014ലാണ് തുടക്കം. കേരളത്തിൽ കണ്ടുപരിചയമില്ലാത്ത കാളയുടെ ചിത്രമുള്ള തീപ്പെട്ടിക്കൂട് റോഡരികിൽ നിന്ന് കിട്ടിയപ്പോഴാണ് മനസ്സിൽ ലഡു പൊട്ടിയത്. യാത്രകളിൽ തീപ്പെട്ടികൾ വാങ്ങുന്നത് പിന്നെ ശീലമാക്കി. 300തരം തീപ്പെട്ടികൾ ഒരു കൊല്ലത്തിനകം സന്തോഷിന്റെ കൈകളിലെത്തി.
ഹരിയാന ഹിസാർ സ്വദേശിയും ഇന്ത്യൻ ഫിലുമെനി ക്ലബ് അംഗവുമായ പ്രവീൺകുമാർ സിംഗുമായി ഫേസ്ബുക്കിലൂടെ ചങ്ങാത്തം വഴിത്തിരിവായി. 50 തരം തീപ്പെട്ടിക്കൂടുകൾ കൊറിയറായി എത്തിച്ചുനൽകി പ്രവീൺ പ്രോത്സാഹിപ്പിച്ചു. കേരളത്തിലെ തീപ്പെട്ടികൾ തിരിച്ചയച്ച് സന്തോഷ് സൗഹൃദം ഊട്ടിയുറപ്പിച്ചു. ഫേസ്ബുക്കിലൂടെ മറ്രു ഫിലുമെനിക്കാരെയും കണ്ടെത്തി.
റോണി മേരിയാണ് ഭാര്യ. മക്കൾ: എറിക്, മിഖ മറിയ.
തീപ്പെട്ടികളുടെ വണ്ടിത്താവളം
പത്തുരൂപയ്ക്ക് തീപ്പെട്ടിവാങ്ങി ആഴ്ചയിലൊരിക്കൽ സന്തോഷ് കളമശേരിയിലെ വണ്ടിത്താവളത്തിലേക്ക് പോയിത്തുടങ്ങി. ചരക്കുമായി കൊച്ചിയിലെത്തുന്ന അന്യസംസ്ഥാന ലോറി ഡ്രൈവറുമാരിൽനിന്ന് തീപ്പെട്ടി സംഘടിപ്പിക്കാനാണ് യാത്ര. പുകവലിക്കാർക്ക് പകരം തീപ്പെട്ടിനൽകി അന്യസംസ്ഥാന തീപ്പെട്ടികൾ സ്വന്തമാക്കി. പിന്നീട് ഡ്രൈവർമാർ പലതരം തീപ്പെട്ടി എത്തിച്ച് സന്തോഷിനെ സഹായിച്ചു.
ഫ്രാൻസിലെ തീപ്പെട്ടിയും
ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രസഹിതം വില്പനയ്ക്കെത്തിയിരുന്ന 25 പൈസയുടെ തീപ്പെട്ടി മുതൽ നീളൻകൊള്ളിയുള്ള ഫ്രാൻസിന്റെ തീപ്പെട്ടിവരെ സന്തോഷിന്റെ കൈവശമുണ്ട്. മൃഗങ്ങൾ, വാഹനങ്ങൾ, പഴങ്ങൾ, കായികതാരങ്ങൾ എന്നിങ്ങനെ തരംതിരിക്കും. മെസി, റോണാൾഡോ, ഗൂഗിൾ, ഫേസ്ബുക്ക് എന്നീ തീപ്പെട്ടികളും ശേഖരത്തിലുണ്ട്.
പഴയ തീപ്പെട്ടികൾ കണ്ട് പ്രായമായവർ ചിരിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നും. തീപ്പെട്ടിക്ക് പകരം ലൈറ്ററായതോടെ പുതിയവ കിട്ടാൻ പ്രയാസമാണ്
- സന്തോഷ് ഗിൽബർട്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |