
തൃശൂർ: മറ്റത്തൂർ പഞ്ചായത്ത് ഭരണസമിതി തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ ഭരണം പിടിച്ച കോൺഗ്രസ് അംഗങ്ങൾക്കെതിരെ അയോഗ്യതാ നടപടികൾ ആരംഭിക്കുമെന്ന് ഡിസിസി. പത്ത് ദിവസത്തിനുള്ളിൽ അയോഗ്യരാക്കാനുള്ള നിയമനടപടികൾ ആരംഭിക്കുമെന്ന് ഡിസിസി അദ്ധ്യക്ഷൻ ജോസഫ് ടാജറ്റ് പറഞ്ഞു. അതേസമയം, നേതൃത്വത്തിന്റെ വീഴ്ചയാണ് ബിജെപി മുന്നണിയിലേക്ക് കൂറുമാറാൻ പ്രേരിപ്പിച്ചതെന്ന് ഉറച്ചുനിൽക്കുകയാണ് വിമതർ.
മറ്റത്തൂരിൽ ബിജെപി പിന്തുണയോടെ അധികാരമേറ്റ പ്രസിഡന്റും വൈസ് പ്രസിഡന്റും ഉടൻ രാജിവയ്ക്കണമെന്നും ഡിസിസി ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനുള്ളിൽ ഇവർ രാജിവയ്ക്കുകയാണെങ്കിൽ അംഗങ്ങൾക്കെതിരെ നിലവിൽ സ്വീകരിച്ച നടപടികൾ പുനഃപരിശോധിക്കാൻ തയ്യാറാണെന്ന് ജോസഫ് ടാജറ്റ് അറിയിച്ചു. രാജിക്ക് തയ്യാറായില്ലെങ്കിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യരാക്കാനുള്ള നിയമനടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയെയും ഡിസിസിയെയും പ്രതിക്കൂട്ടിലാക്കുന്ന നിലപാടാണ് കൂറുമാറിയ പത്ത് അംഗങ്ങളും സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസ് വിമതനായ കെ ആർ ഔസേപ്പിനെ സിപിഎം റാഞ്ചിയതോടെ ഭരണം എൽഡിഎഫിന് ലഭിക്കാതിരിക്കാനാണ് ബിജെപി പിന്തുണ സ്വീകരിച്ചതെന്നാണ് ഇവരുടെ ന്യായീകരണം.
പുറത്താക്കിയ പത്ത് പഞ്ചായത്ത് അംഗങ്ങളെയും രണ്ട് ഭാരവാഹികളെയും തിരിച്ചെടുത്താൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയക്കാമെന്ന ഉപാധിയാണ് കൂറുമാറിയവർ മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടിലാണിവർ. ഡിസിസി അദ്ധ്യക്ഷൻ വിപ്പ് നൽകിയെന്നത് കള്ളമാണെന്നും കൂറുമാറിയവർ ആരോപിക്കുന്നു.
മറ്റത്തൂരിലെ രാഷ്ട്രീയ നാടകീയ നീക്കങ്ങൾ തൃശൂർ കോൺഗ്രസിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കോൺഗ്രസ്-ബിജെപി അന്തർധാര സജീവമാണെന്ന് ആരോപിച്ച് 'മറ്റത്തൂർ മോഡൽ' വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ ആയുധമാക്കാൻ എൽഡിഎഫ് തീരുമാനിച്ചു കഴിഞ്ഞു.
സ്ഥാനാർത്ഥി നിർണ്ണയം മുതൽ അട്ടിമറി സാദ്ധ്യതകൾ തിരിച്ചറിയുന്നതിൽ വരെ ഡിസിസിക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്ന ആക്ഷേപം പാർട്ടിക്കകത്ത് തന്നെ ശക്തമാണ്. 21 അംഗ പഞ്ചായത്തിൽ എൽഡിഎഫ് പത്ത് , കോൺഗ്രസ് എട്ട്, ബിജെപി നാല്, സ്വതന്ത്രർ രണ്ട് എന്നിങ്ങനെയാണ് നില. കൃത്യമായ പ്ലാനിംഗിലൂടെ ബിജെപി പിന്തുണ ഉറപ്പാക്കിയ കോൺഗ്രസ് അംഗങ്ങൾ സ്വന്തം പാർട്ടിയെ തന്നെ വെട്ടിലാക്കിയിരിക്കുകയാണ്.
നിലവിൽ മറ്റത്തൂരിലെ ഭരണപ്രതിസന്ധി വരും ദിവസങ്ങളിൽ കോടതിയിലേക്കും തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കും നീങ്ങാനാണ് സാദ്ധ്യത. സമാനമായ രീതിയിൽ പാറളത്ത് ബിജെപിക്ക് വോട്ട് ചെയ്ത കോൺഗ്രസ് പ്രവർത്തകരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |