SignIn
Kerala Kaumudi Online
Thursday, 19 February 2026 12.22 PM IST

ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ഓപ്പണർ,​ അഭിഷേക് ശർമ്മയ്ക്ക് 'ഡക്ക്' റെക്കാർഡ്

Increase Font Size Decrease Font Size Print Page
abhishek-sharma-

അഹമ്മദാബാദ്: ട്വന്റി-20 ലോകകപ്പിൽ നെതർലൻഡ്‌‌സിനെതിരായ മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെ ഈ വർഷം ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ഓപ്പണർമാരുടെ പട്ടികയിൽ ഇന്ത്യൻ താരം അഭിഷേക് ശർമ്മയും ഇടംപിടിച്ചു. 2026ൽ മാത്രം താരത്തിന്റെ അഞ്ചാമത്തെ ഡക്കാണിത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ, ആദ്യ ഓവറിൽ തന്നെ നെതർലൻഡ്‌‌സ് സ്പിന്നർ ആര്യൻ ദത്താണ് അഭിഷേകിനെ പുറത്താക്കിയത്. നേരിട്ട മൂന്നാം പന്തിൽ താരം ബൗൾഡാവുകയായിരുന്നു. ഈ ലോകകപ്പിൽ താരം കളിച്ച മൂന്ന് മത്സരങ്ങളിലും റണ്ണൊന്നുമെടുക്കാനായില്ല എന്നതും ശ്രദ്ധേയമാണ്.

ഒരു വർഷം അഞ്ചോ അതിലധികമോ തവണ കുട്ടി ക്രിക്കറ്റിൽ പൂജ്യത്തിന് പുറത്താകുന്ന ഓപ്പണർമാരുടെ പട്ടികയിലാണ് അഭിഷേക് ഇപ്പോൾ എത്തിയിരിക്കുന്നത്. ആറ് തവണ സംപൂജ്യനായ പാകിസ്ഥാൻ താരം സയിം അയൂബാണ് പട്ടികയിൽ ഒന്നാമത്. അഭിഷേകിനെ കൂടാതെ മറ്റ് നാല് താരങ്ങൾ കൂടി ഒരു വർഷം അഞ്ച് തവണ പൂജ്യത്തിന് പുറത്തായവരായി പട്ടികയിലുണ്ട്. തായ്‌‌ലൻഡിന്റെ ചലോംവോംഗ്‌ചട്ട്‌ ഫൈസൻ (2024), നേപ്പാളിന്റെ കുശാൽ ഭൂർട്ടൽ (2024), ഇന്തോനേഷ്യൻ താരം ധർമ്മ കെസുമ (2025), ബംഗ്ലാദേശിന്റെ പവേസ് ഹുസൈൻ ഇമോൻ (2025) എന്നിവരാണവർ.

abhishek-sharma-

ഈ ലോകകപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളിലും (യുഎസ്എ, പാകിസ്ഥാൻ, നെതർലൻഡ്‌‌സ്) അഭിഷേക് റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്. ഇടയ്ക്ക് പനി ബാധിച്ചതിനാൽ നമീബിയക്കെതിരായ മത്സരം താരത്തിന് നഷ്ടമായിരുന്നു. ഇത് മാറ്റിനിർത്തിയാൽ കളിച്ച അവസാന മൂന്ന് മത്സരങ്ങളിലും ഹാട്രിക് ഡക്കാണ് താരം വഴങ്ങിയത്. ഈ വർഷം എട്ട് ഇന്നിംഗ്സുകളിൽ നിന്നായി 182 റൺസാണ് അഭിഷേക് നേടിയിട്ടുള്ളത്. അതിൽ 84, 68 എന്നിങ്ങനെ രണ്ട് വെടിക്കെട്ട് ഇന്നിംഗ്സുകൾ ഉൾപ്പെടുന്നുണ്ടെങ്കിലും ബാക്കിയുള്ള അഞ്ച് മത്സരങ്ങളിലും പൂജ്യത്തിലാണ് താരം കൂടാരം കയറിയത്.


ആക്രമിച്ചു കളിക്കാനുള്ള താരത്തിന്റെ ശൈലിയാണ് പലപ്പോഴും ഉയർന്ന സ്‌കോറുകളിലേക്കോ വേഗത്തിലുള്ള പുറത്താകലിലേക്കോ നയിക്കുന്നതെങ്കിലും ലോകകപ്പിലെ സൂപ്പർ എട്ട് അടുത്തിരിക്കെ അഭിഷേകിന്റെ ഫോമില്ലായ്മ ഇന്ത്യയ്ക്ക് ചെറുതല്ലാത്ത തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യ ഇതിനോടകം തന്നെ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. നോക്കൗട്ട് മത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പ് അഭിഷേക് തന്റെ ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകരും ടീമംഗങ്ങളും.

TAGS: NEWS 360, SPORTS, ABHISHEK SHARMA, LATESTNEWS, DUCK OUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY