SignIn
Kerala Kaumudi Online
Thursday, 19 February 2026 9.18 AM IST

ഇമ്രാൻ ഖാന് മതിയായ ചികിത്സ ഉറപ്പാക്കണം; പാക് സർക്കാരിന് കത്തയച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങൾ

Increase Font Size Decrease Font Size Print Page
imran-khan

അഹമ്മദാബാദ്: ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് നായകനുമായ ഇമ്രാൻ ഖാന്റെ ആരോഗ്യനിലയിൽ ആശങ്കയറിയിച്ച് ലോക ക്രിക്കറ്റിലെ 14 ഇതിഹാസ നായകന്മാർ രംഗത്ത്. ഇമ്രാന് മതിയായ ചികിത്സയും പരിഗണനയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യയിൽ നിന്നടക്കം അഞ്ച് രാജ്യങ്ങളിലുള്ള മുൻ ക്യാപ്ടന്മാർ പാകിസ്ഥാൻ സർക്കാരിന് കത്തയച്ചത്. സുനിൽ ഗവാസ്‌കർ, കപിൽ ദേവ്, അലൻ ബോർഡർ, ഗ്രെഗ് ചാപ്പൽ, ഇയാൻ ചാപ്പൽ, സ്റ്റീവ് വോ, ബെലിൻഡ ക്ലർക്ക്, മൈക്കൽ ആതർട്ടൺ, മൈക്കൽ ബ്രിയർലി, ഡേവിഡ് ഗോവർ, കിം ഹ്യൂസ്, നാസർ ഹുസൈൻ, ക്ലൈവ് ലോയ്ഡ്, ജോൺ റൈറ്റ് എന്നിവർ ചേർന്നാണ് പ്രസ്താവനയിൽ ഒപ്പിട്ടിരിക്കുന്നത്.

800ലധികം ദിവസങ്ങളായി ജയിലിൽ കഴിയുന്ന ഇമ്രാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 15ശതമാനമായി കുറഞ്ഞുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വെളിപ്പെടുത്തിയിരുന്നു. മൂന്ന് മാസമായി അദ്ദേഹം നൽകിയ പരാതികൾ അധികൃതർ അവഗണിച്ചുവെന്നാണ് ആരോപണം. ഇമ്രാന്റെ ആരോഗ്യനില വഷളാകുന്നതിനാൽ സഹോദരി അലീമ ഖാനും നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു.

രാഷ്ട്രീയ നിലപാടുകൾ എന്തുതന്നെയായാലും, അദ്ദേഹം ലോക കായിക പ്രതിഭയെന്ന നിലയിലും മുൻ ഭരണാധികാരിയെന്ന നിലയിലും അർഹിക്കുന്ന സംരക്ഷണം നൽകണമെന്നാണ് താരങ്ങൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇമ്രാൻ ആവശ്യപ്പെടുന്ന വിദഗ്ധ ഡോക്ടർമാരുടെ സേവനവും അടിയന്തര ചികിത്സയും ലഭ്യമാക്കുകയും, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് ജയിൽ സൗകര്യങ്ങൾ ഉറപ്പാക്കുകയും കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കുകയും ചെയ്യുക. നിയമനടപടികൾ സുതാര്യവും വേഗത്തിലുമാക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് മുൻതാരങ്ങൾ ഉന്നയിക്കുന്നത്.

'മത്സരം കഴിയുന്നതോടെ മൈതാനത്തെ വൈര്യം അവസാനിക്കും. എന്നാൽ ബഹുമാനം എപ്പോഴും നിലനിൽക്കുന്ന കാര്യമാണ്. ഇമ്രാൻ തന്റെ കരിയറിലുടനീളം ആ സ്പിരിറ്റ് ഉയർത്തിപ്പിടിച്ച വ്യക്തിയാണ്,' മുൻ ക്യാപ്ടന്മാരിൽ ഒരാൾ കത്തിൽ ഓർമ്മിപ്പിച്ചു. 1992ൽ പാകിസ്ഥാനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ഇമ്രാന്റെ നേതൃപാടവത്തെയും കായിക മികവിനെയും പുകഴ്ത്തിയ ക്യാപ്ടന്മാർ, ഇതൊരു മാനുഷികമായ അപേക്ഷയാണെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും വ്യക്തമാക്കി. ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാക് സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

TAGS: NEWS 360, SPORTS, IMMRAN KHAN, LATESTNEWS, NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY