
കൊല്ലം: കോൺഗ്രസ് കൗൺസിലറും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റുമായ എ.കെ. ഹഫീസിനെ കൊല്ലം മേയറായും കോൺഗ്രസ് കൗൺസിലർ ഡോ. കരുമാലിൽ ഉദയ സുകുമാരനെ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുത്തു. 2000ൽ രൂപീകൃതമായ കൊല്ലം കോർപ്പറേഷനിലെ ആദ്യ കോൺഗ്രസ് മേയറാണ് ഹഫീസ്.
രണ്ട് റൗണ്ടുകളായാണ് മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകൾ നടന്നത്. യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ മത്സരിച്ച ആദ്യ റൗണ്ടുകളിൽ കോർപ്പറേഷനിലെ ഏക എസ്.ഡി.പി.ഐ കൗൺസിലർ യു.ഡി.എഫിന് വോട്ട് ചെയ്തു. ആദ്യ റൗണ്ടിൽ മൂന്നാം സ്ഥാനത്തായിരുന്ന എൻ.ഡി.എയെ ഒഴിവാക്കി യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ മാത്രം ഉൾപ്പെടുത്തിയിരുന്നു രണ്ടാം റൗണ്ട്. അതിൽ എൻ.ഡി.എ, എസ്.ഡി.പി.ഐ കൗൺസിലർമാർ ബാലറ്റിൽ വോട്ട് രേഖപ്പെടുത്താതെ പെട്ടിയിലിട്ടു. യു.ഡി.എഫ്- 27, എൽ.ഡി.എഫ്- 16 എന്നിങ്ങനെ വോട്ട് ലഭിച്ചു.
എ.കെ. ഹഫീസ് 2015- 2020 കാലയളവിൽ കോർപ്പറേഷൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവായിരുന്നു. 2015ലും ഇത്തവണയും താമരക്കുളത്ത് നിന്നാണ് വിജയിച്ചത്. കൊല്ലം വികസന അതോറിട്ടി ചെയർമാൻ, ഡി.സി.സി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചുണ്ട്. കെ.പി.സി.സി അംഗമാണ്. കൊല്ലം എസ്.എൻ കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥിയായിരിക്കെ കെ.എസ്.യു പ്രവർത്തകനായി. 77ൽ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായി. ഹെഡ് ലോഡ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമാണ്. ഹൈസ്കൂൾ ജംഗ്ഷൻ സഫയറിലാണ് താമസം. സുലൈഖയാണ് ഭാര്യ. ഡോ. നിതിൻ ഹഫീസ്, ഡോ. നിമിൻ ഹഫീസ്, ഫിറോസ് എം. ഹഫീസ് എന്നിവർ മക്കളും നിബു ബഷീർ, റഹീസ മേത്തർ (ഐ.ഇ.എസ്) എന്നിവർ മരുമക്കളുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |