
തൃശൂർ: കോർപ്പറേഷൻ മേയറെ നിശ്ചയിച്ചതിനെച്ചൊല്ലി തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറി. മേയർ പദവി പണം വാങ്ങി വിറ്റെന്ന ആരോപണവുമായി കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ് രംഗത്തെത്തി. നാലാം തവണ കൗൺസിലർമാരായ തന്നെയും അഡ്വ.സുബി ബാബുവിനെയും പിന്തള്ളി ഡോ.നിജി ജസ്റ്റിനെ തീരുമാനിച്ചതിനെതിരെയാണ് മേയർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ലാലി പൊട്ടിത്തെറിച്ചത്. നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എ.ഐ.സി.സി നേതാക്കളെ പോയിക്കണ്ടിരുന്നെന്നും ലാലി ആരോപിച്ചു.
പണം ഇല്ലാത്തതിന്റെ പേരിലാണ് പാർട്ടി തഴഞ്ഞത്. പണത്തിനായി പലരും സമീപിച്ചു. എന്റെ കൈയിൽ പണമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. കെ.സി.വേണുഗോപാലിനൊപ്പം നിൽക്കുന്ന അഞ്ചുപേരാണ് പിന്നിൽ പ്രവർത്തിച്ചത്. ആരൊക്കെ പണം വാങ്ങിയെന്ന് അറിയില്ല. ജനം പറയുന്നതാണ് പറഞ്ഞത്. മുകളിൽ നിന്ന് നൂലിൽ കെട്ടി ഇറക്കുകയായിരുന്നു.
മുൻ പ്രതിപക്ഷനേതാവ് രാജൻ പല്ലന് നിയമസഭാ സ്ഥാനാർത്ഥിയായാകാൻ ആദ്യം ഹിന്ദു സമുദായത്തിൽ നിന്ന് ഒരാളെ കൊണ്ടുവരാൻ നോക്കി. അത് വിജയിക്കാതിരുന്നപ്പോൾ എന്നെ വെട്ടാൻ നിജിയെ കൊണ്ടുവരികയായിരുന്നു. രാജൻ കൗൺസിലർമാർക്ക് ട്യൂഷനെടുക്കാൻ വന്നാൽ കൈയും കെട്ടി നോക്കിയിരിക്കില്ല. കൗൺസിലർമാരിൽ ഭൂരിഭാഗവും എന്റെ പേരാണ് പറഞ്ഞത്.
ആദ്യ ഒരു വർഷമെങ്കിലും മേയറാക്കുമോ എന്ന് ചോദിച്ചു. ഇടയ്ക്ക് ഒരു വർഷം നൽകാമെന്ന് പറഞ്ഞു. അത് വേണ്ടെന്ന് പറഞ്ഞു. അച്ചടക്ക നടപടിയുമായി വന്നാൽ പലതും പറയാനുണ്ടെന്ന മുന്നറിയിപ്പും അവർ നൽകി. എന്നാൽ, കെ.പി.സി.സി മാനദണ്ഡങ്ങൾ പാലിച്ചാണ് മേയറെ നിശ്ചയിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് പറഞ്ഞു.
ഡോ.നിജി ജസ്റ്റിൻ തൃശൂർ മേയർ
എ.പ്രസാദ് ഡെപ്യൂട്ടി മേയർ
തൃശൂർ: 35 വോട്ടുകളുടെ പിൻബലത്തിൽ, കോർപറേഷൻ മേയറായി യു.ഡി.എഫിലെ ഡോ.നിജി ജസ്റ്റിൻ (55) തിരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർത്ഥി എൽ.ഡി.എഫിലെ എം.എൽ.റോസിക്ക് 13 വോട്ട് ലഭിച്ചു. 22 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡോ.നിജിയുടെ വിജയം. കോൺഗ്രസ് വിമതനായ ഷോമി ഫ്രാൻസിസ്, സ്വതന്ത്രനായി വിജയിച്ച റാഫി ജോസ് എന്നിവരും കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തു. എൻ.ഡി.എയിലെ പൂർണിമ സുരേഷ് എട്ട് വോട്ട് നേടി.
കോർപ്പറേഷൻ 21 ാം ഡിവിഷൻ കിഴക്കുംപാട്ടുകരയിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി ആദ്യമായാണ് നിജി തിരഞ്ഞെടുക്കപ്പെട്ടത്. വരണാധികാരി കളക്ടർ അർജുൻ പാണ്ഡ്യൻ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. നിലവിൽ ഡി.സി.സി വൈസ് പ്രസിഡന്റാണ് നിജി. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, മഹിള കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. മൂന്ന് പതിറ്റാണ്ടായി ഗൈനക്കോളജിസ്റ്റായി തൃശൂരിൽ സേവനം ചെയ്യുന്നു. ഭർത്താവ് : ഡോ.ജസ്റ്റിൻ. മക്കൾ :ഡോ.മേരി ആൻ ജസ്റ്റിൻ , ഡോ.ജോർജ് ജസ്റ്റിൻ.
എ.പ്രസാദ് ഡെപ്യൂട്ടി മേയർ
എൽ.ഡി.എഫിലെ ഹിരണിനെ 22 വോട്ടുകൾക്ക് തോൽപ്പിച്ച് യു.ഡി.എഫിലെ എ.പ്രസാദ് ഡെപ്യൂട്ടി മേയറായി. പ്രസാദിന് 35 വോട്ടുകൾ ലഭിച്ചു. എൻ.ഡി.എയിലെ എ.വി.കൃഷ്ണമോഹന് എട്ട് വോട്ടും ലഭിച്ചു. സിവിൽ സ്റ്റേഷൻ ഡിവിഷനിൽ നിന്നാണ് പ്രസാദ് കൗൺസിലറായത്. 2015-20 കാലഘട്ടത്തിൽ കൗൺസിലറായി. മേയർ ഡോ.നിജി ജസ്റ്റിൻ സത്യവാചകം ചൊല്ലിക്കൊടുത്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം, ശ്രീശങ്കര കോളേജ് യൂണിയൻ ചെയർമാൻ, ഡി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ കെ.പി.സി.സി സെക്രട്ടറിയാണ്. ജില്ലാ ഫാർമേഴ്സ് സഹകരണ സംഘം പ്രസിഡന്റാണ്. വിവേകോദയം സ്കൂളിലെ അദ്ധ്യാപിക സി.രേഖയാണ് ഭാര്യ. മക്കൾ: നവനീത് കൃഷ്ണൻ, ഘനശ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |