തിരുവനന്തപുരം: ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയതുമായി ബന്ധപ്പെട്ട് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിച്ച നാലംഗ സമിതി റിപ്പോർട്ട് കൈമാറി. ഹാരിസിന്റെ ആരോപണങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിഗമനങ്ങൾ റിപ്പോർട്ടിലുണ്ട്. ഹാരിസിന്റെ ആരോപണങ്ങൾക്ക് ഇടയാക്കിയ സാഹചര്യങ്ങൾ പലതും ശരിവയ്ക്കുന്ന റിപ്പോർട്ട് പക്ഷേ, ഉപകരണക്ഷാമം കാരണം ഹാരിസിന്റെ യൂണിറ്റിൽ ശസ്ത്രക്രിയകൾ മുടങ്ങിയതിന്റെ പിറ്റേദിവസം യൂറോളജിയിലെ മറ്റൊരു യൂണിറ്റിൽ സമാന ശസ്ത്രക്രിയകൾ നടന്നതായും ചൂണ്ടിക്കാട്ടുന്നു.
ലാത്തോക്ലാസ്റ്റ് പ്രോബ് ഉപകരണക്ഷാമത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് ഡോ.ഹാരിസിന്റെ യൂണിറ്റിൽ ശസ്ത്രക്രിയ മുടങ്ങിയത്. എന്നാൽ ശനിയാഴ്ച ഡോ.സജു ചീഫായ മറ്റൊരു യൂണിറ്റിൽ ഇതേ ഉപകരണം ഉപയോഗിച്ചുള്ള ശസ്ത്രക്രിയകൾ നടന്നു. പ്രതിസന്ധി ഘട്ടത്തിൽ ഈ ഉപകരണം തലേദിവസം എന്തുകൊണ്ട് ഹാരിസിന്റെ യൂണിറ്റിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നും വകുപ്പിൽ ആശയ വിനിമയത്തിൽ അപാകതകളുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, യൂറോളജി വിഭാഗത്തിലെ ചില ഡോക്ടർമാർ വ്യത്യസ്ത അഭിപ്രായങ്ങൾ
സമിതിയോട് പ്രകടിപ്പിച്ചതായും സൂചനയുണ്ട്. ഇന്നലെ രാത്രി വൈകിയാണ് റിപ്പോർട്ട് ഡി.എം.ഇ ഡോ.വിശ്വനാഥന് നൽകിയത്. ഇന്ന് മന്ത്രി വീണാ ജോർജിന് കൈമാറും.
ഫയൽ തട്ടുകൾ കുറയ്ക്കണം
എച്ച്.ഡി.എസിന്റെ ഫയൽ നീക്കം കൂടുതൽ സുഗമമാക്കണമെന്നതടക്കം തിരുത്തൽ നിർദ്ദേശങ്ങളും റിപ്പോർട്ടിൽ
ഫയൽ കടന്നുപോകുന്ന തട്ടുകൾ കുറയ്ക്കണം. ലക്ഷ്യം തിരിച്ചറിയാതെയുള്ള പ്രവർത്തനങ്ങളാണ് പ്രധാന പ്രശ്നം
'ശിക്ഷാ നടപടി ഉറപ്പ്,
ആരും എതിർത്തില്ല'
തുറന്നു പറച്ചിലുമായി ബന്ധപ്പെട്ട് ശിക്ഷാനടപടികൾ വരുമെന്ന് ഉറപ്പുണ്ടെന്ന് ഡോ.ഹാരിസ്. ആരെങ്കിലും എതിർക്കുമെന്ന് പ്രതീക്ഷിച്ചു. ഒരാൾ പോലും എതിർത്തില്ല. ജനങ്ങളും ഇടതുപക്ഷ പാർട്ടികളുൾപ്പെടെയുള്ളവർ പിന്തുണച്ചു. ഞാൻ ചൂണ്ടിക്കാണിച്ചത് എന്താണോ അത് പരിഹരിക്കുക. അല്ലാതെ ആരോഗ്യവകുപ്പിനെ മോശമാക്കി കാണിക്കുകയോ, പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയോ ജനങ്ങളുടെ ചികിത്സയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യരുത്. അതൊക്കെ ചെയ്താൽ ഞാൻ തെറ്റിദ്ധരിക്കപ്പെടും. അതിൽനിന്ന് പിന്മാറണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |