തിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം ലയണൽ മെസി സ്വന്തം കൈപ്പടയിൽ 'ലാലേട്ടന് " എന്നെഴുതി ഒപ്പുചാർത്തിയ ജഴ്സി മോഹൻലാലിനെ തേടിയെത്തി. അർജന്റീനയുടെ 10-ാം നമ്പർ ജഴ്സിയിൽ മെസി ഓട്ടോഗ്രാഫ് ചാർത്തുന്ന വീഡിയോ മോഹൻലാൽ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചു.
മെസിയുടെ ആരാധകനാണ് മോഹൻലാൽ. ലാലിന്റെ സുഹൃത്തുക്കളായ ഡോ. രാജീവ് മാങ്ങോട്ടിൽ, രാജേഷ് ഫിലിപ്പ് എന്നിവരാണ് 'ഹൃദയപൂർവം" എന്ന സിനിമയുടെ പൂനെയിലെ ലൊക്കേഷനിൽ വച്ച് ഇത് കൈമാറിയത്.
`ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം നിലനിൽക്കും. ഇന്ന്, ആ നിമിഷങ്ങളിൽ ഒന്ന് ഞാൻ അനുഭവിച്ചു. സമ്മാനം സൗമ്യമായി അഴിച്ചപ്പോൾ, എന്റെ ഹൃദയമിടിപ്പ് നിലച്ചു. ഇതിഹാസം ലയണൽ മെസി ഒപ്പിട്ട ഒരു ജേഴ്സി. അതാ... എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിൽ....ഈ മറക്കാനാവാത്ത സമ്മാനത്തിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി"- ഇതായിരുന്നു മോഹൻലാലിന്റെ കുറിപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |