
തിരുവനന്തപുരം: എസ്എസ്കെ ഫണ്ട് ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് കത്ത് അയച്ചത്. കഴിഞ്ഞ രണ്ടര വർഷമായി കേന്ദ്രം ഫണ്ട് അനുവദിക്കാത്ത സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാനം വീണ്ടും കേന്ദ്രത്തെ സമീപിച്ചത്. വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ചുള്ള ഫണ്ടും ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള വിഹിതവും ഉടൻ ലഭ്യമാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.
1158 കോടി രൂപയാണ് കേരളത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള എസ്എസ്കെ ഫണ്ട്. 2023- 2024 വർഷത്തിൽ ലഭിക്കേണ്ട കുടിശിക 440.87 കോടി രൂപയാണ്. അതേസമയം 456 കോടി രൂപയാണ് 2025- 2026 വർഷത്തിൽ അനുവദിച്ച തുക. എന്നാൽ ഇതിൽ ഒന്നാം ഗഡുവായ 92.41 കോടി രൂപയാണ് ഇതുവരെ ലഭിച്ചത്. ഈ മാസം ആദ്യമാണ് ആദ്യ ഗഡു ലഭിച്ചത്. പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടതിനു പിന്നാലെയാണ് തടഞ്ഞുവച്ച തുകയിൽ ഒരു ഭാഗമെങ്കിലും ലഭിച്ചത്. അർഹമായ തുക നൽകുമെന്ന് സുപ്രീം കോടതിയിൽ കേന്ദ്രം നേരത്തെ ഉറപ്പ് നൽകിയിരുന്നു.
കേന്ദ്ര ഫണ്ട് തടഞ്ഞുവച്ചതിന് പിന്നിൽ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനും കേന്ദ്രമന്ത്രിമാർക്കും പങ്കുണ്ടെന്നും വി ശിവൻകുട്ടി ആരോപിച്ചു. ന്യായമായി ലഭിക്കേണ്ട പണം കേരളത്തിന് കിട്ടുന്നതിനായി അവർ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്എസ്കെ ഫണ്ട് വിഷയത്തിന് പുറമേ, സ്കൂൾ കുട്ടികളെ എസ്ഐആർ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെയും മന്ത്രി കർശന നിലപാടാണ് സ്വീകരിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടുത്തുന്ന രീതിയിൽ ഇത്തരം ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കാൻ പാടില്ല. കുട്ടികളെ ഓഫീസ് ജോലികൾക്കോ മറ്റ് പരിപാടികൾക്കോ ഉപയോഗിക്കരുത്. വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്ന ഈ നീക്കം അംഗീകരിക്കാനാകില്ല. കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടറെ ബന്ധപ്പെട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് വിദ്യാർത്ഥികളുടെ പഠന സമയം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എൻഎസ്എസ്, എൻസിസി പോലുള്ളവ പാഠ്യേതര പ്രവർത്തനങ്ങൾക്കും സാമൂഹ്യ സേവനങ്ങൾക്കും പ്രോത്സാഹനം നൽകുന്നുണ്ട്. എന്നാൽ പഠന ദിവസങ്ങളിൽ തുടർച്ചയായി ക്ലാസ് നഷ്ടപ്പെടുത്തിക്കൊണ്ട് ഓഫീസ് ജോലികൾക്കും ഫീൽഡ് വർക്കുകൾക്കും കുട്ടികളെ ഉപയോഗിക്കുന്നത് ശരിയായ നടപടിക്രമമല്ലെന്നു മന്ത്രി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |