
തിരുവനന്തപുരം: എൽ.ഡി.എഫിൽ ചർച്ച ചെയ്യാതെയും ഘടകകക്ഷി മന്ത്രിമാരോട് ആലോചിക്കാതെയും പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്താണ് ഒപ്പുവച്ചതെന്ന് മന്ത്രിമാർക്ക് അറിയില്ല. കൂട്ടുത്തരവാദിത്വമില്ലാത്ത ഗവൺമെന്റ് എന്ത് ഗവൺമെന്റാണ്. തങ്ങളുടെ നാല് മന്ത്രിമാരും ഇക്കാര്യം അറിഞ്ഞിട്ടില്ല.
സർക്കാരിന്റെ വാക്കും പ്രവൃത്തിയും ഒരുപോലെയാകണം. ഈ ശൈലി മാറ്റിയേ പറ്റൂ. അല്ലെങ്കിൽ അപ്പോൾ നോക്കാം. തുടർനടപടി തീരുമാനിക്കാൻ 27ന് പാർട്ടി എക്സിക്യുട്ടീവ് ചേരും. പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു രൂക്ഷ വിമർശനം.
പത്രവാർത്തകളിലൂടെയല്ലാതെ പി.എം ശ്രീയുടെ എം.ഒ.യു എന്തെന്നും ലഭിച്ച വാഗ്ദാനം എന്താണെന്നും സി.പി.ഐക്ക് അറിയില്ല. ഘടകകക്ഷികളെ ഇരുട്ടിൽ നിറുത്തിയാണ് ഒപ്പുവച്ചത്. ഇത് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് കൺവീനർക്കും ഘടകപാർട്ടികൾക്കും കത്ത് നൽകി.
പി.എം ശ്രീയെക്കുറിച്ച് മന്ത്രിസഭയിലോ എൽ.ഡി.എഫിലോ ചർച്ചയുണ്ടായില്ല. രണ്ടുതവണ വിഷയം ക്യാബിനറ്റിൽ ചർച്ചയ്‌ക്ക് വന്നെങ്കിലും നയപരമായ തീരുമാനത്തിനായി മാറ്റിവച്ചതാണ്. പിന്നീട് ചർച്ചയ്‌ക്ക് വന്നിട്ടില്ല. പുത്തൻ തലമുറയെ വാർത്തെടുക്കുന്ന പാഠ്യപദ്ധതിയെ കൈക്കുള്ളിലാക്കുന്നതിന് ബി.ജെ.പി സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണിത്. സി.പി.ഐക്ക് മാത്രമല്ല, സി.പി.എമ്മിനും മറ്റു ജനാധിപത്യ പാർട്ടികൾക്കും വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കും ഇതേ ആശങ്കയുണ്ട്.
എൽ.ഡി.എഫ് രാഷ്ട്രീയം ആശയപരമാണ്. അതിന്റെ കാതൽ ബി.ജെ.പി- ആർ.എസ്.എസ് വർഗീയതയെ ചെറുക്കലാണ്. അതിന്റെ ആഴമറിഞ്ഞുവേണം ഇടതുപക്ഷം പ്രവർത്തിക്കാൻ.
ശിവൻകുട്ടി എങ്ങനെ
മാറിയെന്ന് അറിയില്ല
പി.എം ശ്രീയെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന മന്ത്രി വി.ശിവൻകുട്ടി പെട്ടെന്ന് മാറിയത് എങ്ങനെയെന്നറിയില്ല. ചർച്ചയില്ലാതെയും ആലോചനയോ തീരുമാനമോ ഇല്ലാതെയും ഒരു ഉദ്യോഗസ്ഥ എങ്ങനെയാണ് ഡൽഹിയിലെത്തി ഒപ്പുവച്ചത്. എൻ.ഇ.പി കരിക്കുലമോ സിലബസോ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് പോസിറ്റിവായി കാണുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
മന്ത്രിമാരെ മാറ്റി
നിറുത്തുമോ?, നോക്കാം
സി.പി.ഐ മന്ത്രിമാരെ മാറ്റി നിറുത്തുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് നോക്കാമെന്നും 27ലെ എക്സിക്യുട്ടീവ് കഴിയട്ടെയെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. സി.പി.ഐ സമ്മർദ്ദത്തെത്തുടർന്ന് ഒപ്പുവച്ചതിൽ നിന്നും പിന്മാറുമോ എന്നത് സർക്കാരാണ് പറയേണ്ടതെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |