
ന്യൂഡൽഹി:ആരെയും പിണക്കാതെ വിശ്വാസമാർജ്ജിക്കണം. ജനങ്ങൾക്കൊപ്പം 24 മണിക്കൂറും ഉണ്ടാവണം. തിരുവനന്തപുരം മേയർ വി.വി.രാജേഷിനും ബി.ജെ.പി കൗൺസിലമാർക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം.
ഇന്നലെ വൈകിട്ട് നാലുമുതൽ ആറുവരെ നീണ്ട പരിപാടിയിൽ ഒന്നര മണിക്കൂർ പ്രധാനമന്ത്രി ക്ളാസെടുക്കുകയായിരുന്നു. കൗൺസിലർമാരുടെ ഇടയിലൂടെ നടന്നാണ് നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകിയത്.
തിരുവനന്തപുരത്തെ മികച്ച നഗരമാക്കാൻ പിന്തുണയും നൽകി. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു ജയിച്ച ബി.ജെ.പി പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഗുജറാത്തിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ചില ജനകീയ കൗൺസിലർമാർ തുടർച്ചയായി 50 വർഷം ഒരു വാർഡിൽ നിന്ന് ജയിച്ചതും ചൂണ്ടിക്കാട്ടി.
കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പരിഭാഷപ്പെടുത്തി.
തുടർന്ന് ചായവിരുന്നിനിടെ കൗൺസിലർമാരുടെ അടുത്ത് ചെന്ന് വിശേഷങ്ങൾ ചോദിച്ചു. വാർഡിലെ പ്രത്യേതകളും വിശേഷങ്ങളും ആരാഞ്ഞു.
തിരുവനന്തപുരത്തെ വിജയത്തെ വളരെ പ്രാധാന്യ ത്തോടെയാണ് കാണുന്നതെന്നും മികച്ചപ്രവർത്തനം കാഴ്ചവെച്ച് രാജ്യത്തിന് മുഴുവൻ മാതൃകയായി ഉയർന്നുവരണമെന്ന് മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ് എന്നിവരടങ്ങിയ സംഘത്തെ ഉപദേശിച്ചു.
ബി.ജെ.പി അദ്ധ്യക്ഷൻ നിതിൻ നബിൻ, സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപി തുടങ്ങിയവർ അടക്കം പങ്കെടുത്തു.
സി. സദാനന്ദൻ മാസ്റ്റർ എം.പി, കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ,സഹപ്രഭാരിമാരായ ശോഭ കരന്തജ്‌ലെ, അപരാജിത സാരംഗി, ജനറൽ സെക്രട്ടറിമാരായ വിനോദ് താവ്ഡെ, ബി.എൽ.സന്തോഷ്, സംസ്ഥാന നേതാക്കളായ അനൂപ് ആന്റണി, കരമന ജയൻ, കെ. സോമൻ, അഡ്വ. എസ്. സുരേഷ്, ബി.ജെ.പി മീഡിയ കൺവീനർ സന്ദീപ് സോമനാഥ് തുടങ്ങിയവരും പങ്കെടുത്തു.
രാവിലെ ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്ര നഗരവികസന മന്ത്രി മനോഹർലാൽ ഖട്ടാർ, വിനോദ് താവ്ഡെ തുടങ്ങിയവർ ക്ളാസെടുത്തു. കേരളത്തിൽ നഗര-ഗ്രാമ വികസനം ഒന്നിച്ചാക്കിയതിനാൽ നഗരവികസനത്തിന് മാത്രം ഫണ്ട് നൽകാൻ ബുദ്ധിമുട്ടാണെന്ന് ഖട്ടർ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ആവാസ് യോജ്‌നയിൽ കേരളം ഒപ്പിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റ് മന്ദിരം സന്ദർശിച്ച സംഘം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, ലോക്‌സഭാ സ്പീക്കർ ഓം ബിർള എന്നിവരെ കണ്ടു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ അത്താഴ വിരുന്നൊരുക്കി. ഇന്ന് സംഘം രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം രാത്രി മടങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |