ന്യൂഡൽഹി: ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം മഹാനടൻ മോഹൻലാൽ നടത്തിയ പ്രസംഗം സൂപ്പർ. പക്ഷേ പ്രസംഗത്തിനിടെ ചൊല്ലിയ ആ രണ്ടുവരി കവിത മഹാകവി കുമാരനാശാന്റെ വീണപൂവിലേതല്ല. സാമൂഹിക മാദ്ധ്യമങ്ങളിൽ ഇന്നലെ ഈ മട്ടിൽ ചർച്ചകൾ സജീവമായി. സിനിമാ മേഖലയിലെ മൺമറഞ്ഞുപോയവരെ സ്‌മരിച്ചു കൊണ്ടാണ്, കുമാരനാശാന്റെ വീണപൂവിലെ രണ്ടുവരിയെന്ന നിലയിൽ കവിത ചൊല്ലിയത്. 'ചിതയിലാഴ്ന്നു പോയതുമല്ലോ, ചിരമനോഹരമായ പൂവിതു' എന്ന വരികൾ വീണപൂവിലെ അല്ലെന്ന് കവിതാ പ്രേമികൾ അടക്കം സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടു. അപ്പോൾ പിന്നെ ആരുടേതാണെന്ന് വിവിധ കോണുകളിൽ ചർച്ചയുയർന്നു. ചങ്ങമ്പുഴയുടേതാണെന്നും, അതല്ല പി. ഭാസ്‌ക്കരന്റേത് ആണെന്നും വരെ പരാമർശങ്ങളുണ്ടായി. ചാറ്റ് ജി.പി.ടി ചതിച്ചതാണെന്ന് ചില രസികന്മാർ എരിവുകയറ്റി. എന്തായാലും കവിതയുടെ ഉപജ്ഞാതാവിനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പലരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |