
നാടകത്തിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് ജയാ കുറുപ്പ്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ നായകനായെത്തിയ ഡീയസ് ഈറെയിലെ നടിയുടെ അഭിനയത്തിന് മികച്ച പ്രതികരണങ്ങളാണ് തീയേറ്ററുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ അഭിനയിച്ചത് തന്റെ ഭാഗ്യമാണെന്നാണ് ജയ പറയുന്നത്. മുൻനിരാ നടൻമാരുടെ അമ്മയായി അഭിനയിക്കുമെന്ന് വർഷങ്ങൾക്ക് മുൻപ് തന്നോട് ഒരാൾ പറഞ്ഞിരുന്നുവെന്നും അത് നടക്കുകയാണെന്നും ജയ കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
'വളരെ കൂളായ മനുഷ്യനാണ് പ്രണവ് മോഹൻലാൽ. നല്ലൊരു മകനാണ്. ഒരു താരജാഡയുമില്ലാത്ത വ്യക്തിയാണ്. പല വീഡിയോകളിലും പ്രണവ് സിമ്പിളായി നടക്കുന്നത് കണ്ടിട്ടുണ്ട്. ഇതെല്ലാം വൈറാലാകാൻ ചെയ്യുന്നതാണോയെന്ന് ഞാൻ സംശയിച്ചിരുന്നു. പക്ഷെ അങ്ങനെയല്ല.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗവും ഭൂതകാലവുമെല്ലാം കണ്ടതാണ്. അപ്പോഴൊന്നും തോന്നിയിരുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ സിനിമയിലേക്കെത്തിയപ്പോഴാണ് ഓരോന്നിനെക്കുറിച്ചും കൂടുതലും മനസിലായത്. സിനിമയുടെ ഷൂട്ടിംഗ് സമയത്തുളള അന്തരീക്ഷവും കുറച്ച് പേടിപ്പെടുത്തുന്ന രീതിയിലുളളതായിരുന്നു. ചുറ്റും നെഗറ്റീവ് എനർജിയുളളതുപോലെയായിരുന്നു. പക്ഷെ കൂടെയുളളവരുടെ പോസിറ്റിവ് എനർജി കൊണ്ട് അതെല്ലാം മാറും. ഉള്ളൊഴുക്ക് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴും അതുപോലെയായിരുന്നു.
മോഹൻലാലിന്റെയും മമ്മൂട്ടിയോടൊപ്പവും അഭിനയിച്ചിരുന്നു. അത്രയും തേജസുളള മനുഷ്യനാണ് മോഹൻലാൽ. സിനിമയിലെത്തുന്നതിന് മുൻപ് ഞാൻ അദ്ദേഹത്തെ ലാലേട്ടായെന്നാണ് വിളിച്ചത്. പക്ഷെ നേരിട്ട് കണ്ടപ്പോൾ ലാൽ സാറെന്നാണ് വിളിച്ചത്. മോഹൻലാലിനെ കണ്ടപ്പോൾതന്നെ കൈക്കൂപ്പി പോയി. മോഹൻലാലിനോടൊത്തും മമ്മൂട്ടിയോടൊപ്പവും ഒരുമിച്ച് അഭിനയിക്കാനാണ് ആഗ്രഹം. മമ്മൂട്ടിയോടൊപ്പം അഭിനയിച്ചത് ഒരിക്കലും മറക്കാൻ കഴിയില്ല. എല്ലാവരെയും നിരീക്ഷിക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേത്'- ജയാ കുറുപ്പ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |