
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ അമ്മ സജിതയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്‌ണന്റെ സഹോദരൻ ബി എം ചന്തു. സഹോദരൻ തെറ്റുകാരനല്ലെന്നും ചന്തു പറഞ്ഞു. കമലേശ്വരം സ്വദേശികളായ എസ്.എൽ.സജിത രാജിന്റെയും മകൾ ഗ്രീമ എസ്.രാജിന്റെയും മരണത്തിൽ ഉണ്ണിക്കൃഷ്ണനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. സജിതയുടെയും ഗ്രീമയുടെയും ആത്മഹത്യാക്കുറിപ്പിൽ ഇയാൾക്കെതിരെ പരാമർശമുണ്ടായിരുന്നു. ഗാർഹിക പീഡനത്തിനും ആത്മഹത്യ പ്രേരണയ്‌ക്കുമാണ് ഉണ്ണിക്കൃഷ്ണനെതിരെ കേസെടുത്തിരിക്കുന്നത്.
'ചേട്ടൻ അയർലൻഡിൽ പിഎച്ച്ഡി ചെയ്യവേയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് നാലഞ്ചുദിവസത്തിനുശേഷം ഹണിമൂണിനായി ഇരുവരും ആൻഡമാനിലേയ്ക്ക് പോയി. കുറച്ചുദിവസത്തിനുശേഷം ചേട്ടൻ അയർലൻഡിലേയ്ക്ക് തിരികെപ്പോയി. ചേച്ചി ഒറ്റമോളാണ്. ചേട്ടനും ചേച്ചിക്കും ഒരിക്കലും പ്രൈവസി ലഭിച്ചിരുന്നില്ല. ഹണിമൂൺ സമയത്തല്ലാതെ ഒരു ദിവസം മുഴുവനായി ഒരിക്കൽ പോലും ചേച്ചിയുടെ വീട്ടുകാർ ഇരുവർക്കും മാത്രമായി സമയം നൽകിയിട്ടില്ല. ഹണിമൂൺ സമയത്തുപോലും ഗ്രീമയുടെ അമ്മ എപ്പോഴും മകളെ വിളിക്കുമായിരുന്നു. ചെറിയ കാര്യങ്ങൾക്കുപോലും അമ്മയോട് ചോദിച്ചിട്ടാണ് ചേച്ചി ചേട്ടന് മറുപടി നൽകിയിരുന്നത്. ചേട്ടൻ ഐർലൻഡിൽ പോയതിനുശേഷം ചേച്ചിയോട് സംസാരിക്കുമ്പോൾ പോലും ലൗഡ് സ്‌പീക്കറിലായിരിക്കും ഫോൺ. ചേട്ടന് മറുപടി നൽകുന്നതുപോലും ചേച്ചിയുടെ അമ്മയായിരുന്നു.
എന്ത് വാക്കുതർക്കം വന്നാലും ആത്മഹത്യ ചെയ്യുമെന്ന് ചേച്ചി ചേട്ടനെ ഭീഷണിപ്പെടുത്തുമായിരുന്നു. പലപ്പോഴും പിണങ്ങി വീട്ടിൽപ്പോയിട്ടുണ്ട്. ചേട്ടനും ചേച്ചിയും രണ്ടുപേരുടെ മാതാപിതാക്കളുമായി രണ്ടുതവണ കൗൺസിലിംഗിന് പോയി. അതൊന്നും പൂർത്തീകരിക്കാൻ ചേച്ചിയുടെ വീട്ടുകാർ സമ്മതിച്ചില്ല. വിവാഹമോചനമാണ് നല്ലതെന്നാണ് സൈക്കോളജിസ്റ്റുകൾതന്നെ അഭിപ്രായപ്പെട്ടത്. ആത്മഹത്യാക്കുറിപ്പ് ഞങ്ങൾക്കും അയച്ചുതന്നിരുന്നു. ചേട്ടൻ ചേച്ചിയെ മാനസികമായി പീഡിപ്പിച്ചതായി കരുതുന്നില്ല. ഞങ്ങളുടെ പേരിൽ ഗാർഹിക പീഡനത്തിന് കേസുകൊടുക്കുമെന്നും എല്ലാവരും കൂടെ വീടിന് മുറ്റത്ത് ആത്മഹത്യ ചെയ്യുമെന്നും പലപ്പോഴും ഭീഷണിപ്പെടുത്തിയിട്ടുണ്ട്'- ചന്തു വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |