കൊച്ചി: കൊച്ചി നഗരത്തിന്റെ ഹൃദയഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ട ‘ഹൂ ഈസ് മി. ഡി’ പോസ്റ്ററുകളെക്കുറിച്ച് ഇന്റലിജൻസ് ഏജൻസികൾ അന്വേഷണം തുടങ്ങി. ശബരിമലയിൽനിന്ന് പഞ്ചലോഹവിഗ്രഹങ്ങൾ കടത്തിയത് മിസ്റ്റർ ഡിയാണെന്ന വ്യവസായിയുടെ വെളിപ്പെടുത്തലുകൾ പുറത്തുവന്നു തുടങ്ങിയപ്പോഴാണ് എറണാകുളം എം.ജി റോഡിലും നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലും അജ്ഞാതന്റെ രേഖാചിത്രവുമായി ഹൂ ഈസ് മി.ഡി എന്ന ചോദ്യമുയർത്തി ഗ്രാഫിറ്റി പോസ്റ്ററുകൾ പതിച്ചത്. ഇത് യാദൃച്ഛികമല്ലെന്ന വിലയിരുത്തലിലാണ് രഹസ്യാന്വേഷണ ഏജൻസികൾ. ഡിസംബർ 23ന് കേരളകൗമുദി പോസ്റ്ററിനെക്കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തുക്കളുടെ ഇടപാടുകൾ വ്യാപകമായതിനാൽ, വിഗ്രഹക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്ന സംഘങ്ങളാണ് പോസ്റ്ററുകൾക്ക് പിന്നിലെന്ന് കരുതുന്നു. കൊച്ചിയിൽ പുരാവസ്തു കടത്തുമായി ബന്ധപ്പെട്ട് സംഘങ്ങൾ തമ്മിൽ കടുത്തമത്സരം നിലനിൽക്കുന്നതായും സൂചനയുണ്ട്.
പോസ്റ്ററിലെ ചിത്രം രഹസ്യാന്വേഷണ ഏജൻസികളുടെ കൈവശമുള്ള കുറ്റവാളികളുടെ ചിത്രങ്ങളുടെ ഡേറ്റയുമായി താരതമ്യപ്പെടുത്തി പരിശോധിച്ചു. ഇന്റലിജൻസിന്റെ ശേഖരത്തിലുള്ള കാർട്ടൂൺ മാതൃകയിലുള്ള ചിത്രങ്ങളുമായും ഒത്തുനോക്കി. എന്നാൽ പടവുമായി സാമ്യമുള്ള ആരെയും കണ്ടെത്താനായില്ല.
പോസ്റ്റർ പതിക്കാനിടയായ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം തുടരുകയാണ്.
ശബരിമലയിലെ സ്വർണപ്പാളി കടത്തിന് പിന്നാലെയാണ് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന ആരോപണം ഉയർന്നത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ആരോപണം ഉന്നയിച്ചത് . മിസ്റ്റർ ഡി എന്നയാൾ ഇടനിലക്കാരനായി വിഗ്രഹക്കടത്ത് നടത്തിയെന്ന് പ്രവാസി വ്യവസായി നൽകിയ വിവരത്തെത്തുടർന്നാണ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിക്ക് ഇക്കാര്യം കൈമാറിയതും കേസെടുത്തതും. മിസ്റ്റർ ഡി ആരാണെന്ന് തുടക്കത്തിൽ എസ്.ഐ.ടി വെളിപ്പെടുത്തിയിരുന്നില്ല.
ഇന്റലിജൻസ് പരിശോധിക്കുന്നത്
* ഹൂ ഈസ് മി.ഡിയിലെ ഡി ആരാണ്
* ശബരിമല വിഗ്രഹക്കടത്തിലെ മിസ്റ്റർ ഡിയുമായി പോസ്റ്ററിന് ബന്ധമുണ്ടോ
* കൊച്ചിയിൽ പോസ്റ്ററുകൾ പതിച്ചത് ആരുടെ ശ്രദ്ധയാകർഷിക്കാനാണ്
* പോസ്റ്ററുകൾക്ക് പിന്നിൽ ആരാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |