ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്നും അറ്റകുറ്റപ്പണിക്ക് സഹകരിക്കുന്നില്ലെന്നുമുള്ള തമിഴ്നാടിന്റെ വാദങ്ങൾ തള്ളി കേരളം. സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ പുതിയ ഡാം അനിവാര്യമാണ്. എല്ലാ ചെലവും സംസ്ഥാനം വഹിക്കുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, അഡ്വ. ജി. പ്രകാശ് മുഖേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. 142 അടിയായി ജലനിരപ്പ് നിലനിറുത്താൻ ശ്രമിക്കേണ്ടത് സുരക്ഷാ പരിശോധനയ്‌ക്ക് ശേഷമായിരിക്കണം. അറ്റകുറ്റപ്പണിക്ക് വനമേഖലയിലെ മരങ്ങൾ മുറിക്കണമെങ്കിൽ കേന്ദ്രസർക്കാരിന് പുതിയ അപേക്ഷ നൽകണം. നേരത്തെ നൽകിയ അപേക്ഷ പര്യാപ്‌തമല്ല. നവീകരണ പ്രവർത്തനങ്ങൾക്കായി തൊഴിലാളികളെയും ഉപകരണങ്ങളും കൊണ്ടുപോകാൻ ഇപ്പോഴത്തെ റോഡ് പര്യാപ്‌തമാണ്. അവിടെ അറ്റകുറ്റപണി നടത്തേണ്ട സാഹചര്യമില്ല. പെരിയാറിൽ നിരീക്ഷണത്തിന് രണ്ടു ബോട്ടുകൾ വേണമെന്ന തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |