തിരുവനന്തപുരം: നന്തൻകോട്ട് അച്ഛൻ, അമ്മ, സഹോദരി, ബന്ധുവായ സ്ത്രീ എന്നിവരെ വെട്ടിക്കൊലപ്പെടുത്തി കത്തിച്ച കേസിൽ കേഡൽ ജിൻസൻ രാജ (38) കുറ്റക്കാരനെന്ന് തിരുവനന്തപുരം ആറാം അഡി. സെഷൻസ് കോടതി ജഡ്ജി കെ.വിഷ്ണു കണ്ടെത്തി. ശിക്ഷാ വിധിയിൽ ഇന്ന് വാദം നടക്കും. വാദം പൂർത്തിയായാൽ ഇന്നുതന്നെ ശിക്ഷ വിധിച്ചേക്കും.
കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ചു പരിക്കേൽപ്പിക്കൽ, വീട് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. തിരുവനന്തപുരം നന്തൻകോട് ക്ലിഫ് ഹൗസിനു സമീപം ബെയിൻസ് കോമ്പൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ അച്ഛൻ മാർത്താണ്ഡം ക്രിസ്ത്യൻ കോളേജിലെ പ്രൊഫസറായിരുന്ന രാജാ തങ്കം, അമ്മ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടറായിരുന്ന ജീൻ പത്മ, എം.ബി.ബി.എസ് പൂർത്തിയാക്കിയ സഹോദരി കരോലിൻ, കാഴ്ച പരിമിതയായ ബന്ധു ലളിത എന്നിവരെയാണ് കൊലപ്പെടുത്തിയത്. 2017ഏപ്രിൽ അഞ്ചിനും ആറിനുമായിരുന്നു കൂട്ടക്കൊലപാതകം.
ഒൻപതിന് മൃതദേഹങ്ങൾ കത്തിക്കാൻ ശ്രമിക്കവേ വീടിന് തീപടർന്നതോടെയാണ് അരുംകൊല പുറംലോകമറിഞ്ഞത്. വീടിന്റെ രണ്ടാമത്തെ നിലയിലെ തന്റെ മുറിയിലേക്ക് പ്രതി ഓരോരുത്തരെയായി കൊണ്ടുപോയി മഴുകൊണ്ട് പിന്നിൽ നിന്ന് വെട്ടിക്കൊലപ്പെടുത്തി. ശേഷം മൃതദേഹങ്ങൾ പ്ലാസ്റ്റിക് ഷീറ്റിൽ വച്ച് വെട്ടിനുറുക്കി ടോയ്ലറ്റിലിട്ട് കത്തിച്ചു. അതിനിടെ തീ ആളിപ്പടർന്ന് പ്രതിക്കും പൊള്ളലേറ്റു. തുടർന്ന് രക്ഷപ്പെട്ട പ്രതി ചെന്നൈയിലേക്ക് കടന്നു. തിരികെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പിടിയിലായത്.
2024 നവംബർ 13ന് കേസിൽ വിചാരണ തുടങ്ങി. 65 ദിവസം നീണ്ടു. 42 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ 120 രേഖകളും 90 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളായിരുന്നു അന്വേഷണ സംഘത്തിന് ആശ്രയം. മഴുവിന് ആളുകളെ വെട്ടിക്കൊല്ലുന്ന ദൃശ്യങ്ങൾ യൂട്യൂബിൽ കണ്ടതും മഴു ഓൺലൈനിൽ വാങ്ങിയതും പ്രധാന തെളിവായി. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ദിലീപ് സത്യൻ ഹാജരായി.
ആസ്ട്രൽ പ്രൊജക്ഷൻ: മൊഴി പൊളിച്ച് പൊലീസ്
ആത്മാവിനെ ശരീരത്തിൽനിന്നു വേർപെടുത്തുന്ന പരീക്ഷണമായ ആസ്ട്രൽ പ്രൊജക്ഷന്റെ ഭാഗമായാണ് കൂട്ടക്കൊല നടത്തിയതെന്നായിരുന്നു പ്രതിയുടെ ആദ്യ മൊഴി. എന്നാൽ, ഇത് വിശദമായി പരിശോധിച്ച പൊലീസ് അന്വേഷണം വഴിതെറ്റിക്കാനുള്ള തന്ത്രമാണെന്ന് കണ്ടെത്തി. അച്ഛന് തന്നോടുള്ള പെരുമാറ്റവും എപ്പോഴും തന്നെ അപമാനിക്കുന്നുവെന്ന തോന്നലുമായിരുന്നു കൊലയ്ക്ക് പിന്നിലെന്ന് പീന്നീട് മൊഴി നൽകി.
തന്റെ ജീവിതം മാത്രം രക്ഷപ്പെടുന്നില്ലെന്ന ചിന്തയും വിദേശത്തേക്ക് പോകാനുള്ള അമ്മയുടെയും സഹോദരിയുടെയും ശ്രമം ഇല്ലാക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നുവെന്നും മൊഴി നൽകി.
മാനസിക പ്രശ്നമില്ല
പ്രതിയുടെ മാനസിക പ്രശ്നമാണ് കൊലയിലേക്ക് നയിച്ചതെന്ന് ആദ്യം സംശയമുണ്ടായിരുന്നെങ്കിലും അതില്ലെന്ന് മാനസികാരോഗ്യ വിദഗ്ദ്ധൻ കണ്ടെത്തി
കൊലയ്ക്ക് മുമ്പുള്ള തയ്യാറെടുപ്പും ഒളിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും കുരുക്കായി
ഓൺലൈനായി മഴുവാങ്ങിയതും, പിന്നിൽ നിന്ന് വെട്ടുന്നത് യൂട്യൂബിൽ തെരഞ്ഞതും തെളിവായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |