വിക്‌ടോറിയ: മുൻ ഭർത്താവിന്റെ മൂന്ന് ബന്ധുക്കളെ വിഷക്കൂൺ കലർന്ന ഭക്ഷണം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ 50കാരി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഓസ്‌ട്രേലിയൻ വനിതയായ എറിൻ പാറ്റേഴ്സണിനെതിരെയാണ് കഴിഞ്ഞ ദിവസം മോർവെൽ ടൗൺ കോടതി നിർണായക കണ്ടെത്തൽ നടത്തിയത്. 2023 ജൂലായ് 29നായിരുന്നു കേസിനാസ്പദമായ സംഭവം. മുൻഭർത്താവ് സൈമൺ പാറ്റേഴ്‌സണിന്റെ മാതാപിതാക്കളായ ഡോൺ പാറ്റേഴ്സൺ, ഗെയ്ൽ പാറ്റേഴ്സൺ, മറ്റൊരു ബന്ധുവായ ഹെതർ വിൽക്കിൻസണുമാണ് വിഷക്കൂൺ കഴിച്ച് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന പാസ്റ്റർ ഇയാൻ വിൽക്കിൻസൺ മാത്രമാണ് ഭക്ഷണം കഴിച്ചിട്ടും രക്ഷപ്പെട്ടത്.
ഡെത്ത് ക്യാപ് എന്ന പേരുളള വിഷക്കൂണുപയോഗിച്ചായിരുന്നു പ്രതി ബന്ധുക്കൾക്കായി ബീഫ് വെല്ലിംഗ്ടൺ എന്ന പ്രത്യേക ഭക്ഷണം തയ്യാറാക്കിയത്. എറിൻ കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതായി കോടതി കണ്ടെത്തി. കേസിൽ അൻപതിലധികം സാക്ഷികളെയാണ് വിസ്തരിച്ചത്. തനിക്ക് ഗർഭാശയ ക്യാൻസറാണെന്നും കുട്ടികളോട് അസുഖവിവരം എങ്ങനെ അറിയിക്കണമെന്നതിനെക്കുറിച്ച് ആലോചിക്കാനാണ് എറിൻ ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഇവർക്ക് ഭക്ഷണം വിളമ്പിയതും എറിൻ തന്നെയാണ്. എന്നാൽ ആസൂത്രിതമായി വിഷമില്ലാത്ത ഭക്ഷണം തിരഞ്ഞെടുത്ത് എറിൻ കഴിക്കുകയായിരുന്നു. ചർച്ചകൾ നടത്താൻ സൈമണിനെ വിളിച്ചെങ്കിലും അയാൾ എറിന്റെ വീട്ടിലേക്ക് വരാൻ താൽപര്യം കാണിച്ചിരുന്നില്ല.
ഭർത്താവിനോടുളള പകയും വൈരാഗ്യവും കാരണമാണ് എറിൻ കൊലപാതകങ്ങൾ നടത്തിയതെന്നാണ് വിവരം. ഭർത്താവുമായി പിരിഞ്ഞുതാമസിക്കുകയാണെങ്കിലും എറിൻ വിവാഹമോചനം നേടിയിരുന്നില്ല. കുട്ടികളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായിരുന്നു. കേസിൽ ഇവർക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുമെന്നാണ് കരുതുന്നത്. മൂന്നുപേരും ഭക്ഷണം കഴിച്ച് ആഴ്ചകൾക്കുളളിൽ തന്നെ മരിക്കുകയായിരുന്നു. മൂന്ന് പേരുടെയും അസ്വഭാവിക മരണത്തെ തുടർന്ന് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് വിക്‌ടോറിയ പൊലീസിൽ പരാതി നൽകിയത്. പിന്നീടാണ് പൊലീസ് എറിനെ ചോദ്യം ചെയ്തത്. സൂപ്പർമാർക്കറ്റിൽ നിന്ന് കൂണുകൾ വാങ്ങിയെന്ന് ഇവർ സമ്മതിച്ചിരുന്നു. എന്നാൽ വിഷക്കൂണിനെക്കുറിച്ച് പൊലീസിനോട് പറഞ്ഞിരുന്നില്ല. തുടർന്ന് വിശദമായ പരിശോധനകൾക്കൊടുവിലാണ് പൊലീസ് സത്യം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |