തൃശൂർ: പ്രമുഖ സംഗീതസംവിധായകൻ ഔസേപ്പച്ചൻ ബിജെപി വേദിയിൽ. പാർട്ടി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ നയിക്കുന്ന വികസനമുന്നേറ്റ ജാഥയിലാണ് അദ്ദേഹം പങ്കെടുത്തത്. ഔസേപ്പച്ചനൊപ്പം രാഷ്ട്രീയ നിരീക്ഷകനായ ഫക്രുദ്ദീൻ അലിയും വേദിയിലെത്തിയിരുന്നു. ഭാരതം നമ്മുടെ അമ്മയാണെന്നും രാജ്യത്തിനുവേണ്ടി ഒറ്റക്കെട്ടായ പ്രവർത്തിക്കണം. ഒരേചിന്തയിൽ വളരണം. രാജ്യത്തിന്റെ വളർച്ചയ്ക്കുവേണ്ടി പ്രയത്നിക്കുന്ന ആളാണ് ബി ഗോപാലകൃഷ്ൻ എന്നും ഔസേപ്പച്ചൻ പറഞ്ഞു. നല്ല രാഷ്ട്രീയക്കാരെ തനിക്ക് ഇഷ്ടമാണെന്നായിരുന്നു ഫക്രുദ്ദീൻ അലി പറഞ്ഞത്. കക്ഷി രാഷ്ട്രീയത്തിന് അപ്പുറം പരിപാടിയുടെ ആശയമാണ് തന്നെ വേദിയിൽ എത്തിച്ചതെന്നും ഫക്രുദ്ദീൻ അലി പറഞ്ഞു.
ഔസേപ്പച്ചനെയും ഫക്രുദ്ദീൻ അലിയെയും ബിജെപിയിൽ ചേർന്ന് നിയമസഭയിൽ മത്സരിക്കാൻ ബി ഗോപാലകൃഷ്ണൻ ക്ഷണിച്ചു. വാതിൽ തുറന്നിട്ടിരിക്കുകയാണ്. മുണ്ടുപൊക്കിക്കാണിക്കുന്ന ആളുകളെയല്ല, മറിച്ച് വികസനത്തിന്റെ കാഴ്ചപ്പാടിൽ പ്രവർത്തിക്കുന്ന ആളുകളെയാണ് ആവശ്യമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
ഇത് ആദ്യമായല്ല ഔസേപ്പച്ചൻ സംഘപരിവാർ സംഘടനകളുടെ വേദിയിൽ എത്തുന്നത്. നേരത്തേ ആർഎസ്എസ് വേദിയിൽ എത്തിയത് വലിയ വിവാദമായിരുന്നു. ആർഎസ്എസ് ജന്മദിനാഘോഷത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്.
'ജാതിമത ചിന്തകൾക്കതീതമായാണ് ആർഎസ്എസ് പ്രവർത്തിക്കുന്നത്. ഭാരതത്തിന്റെ നന്മയാണ് സംഘടന ലക്ഷ്യമിടുന്നത്. സംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകർ വിശുദ്ധരാണ്. വ്യക്തിപരമായ എല്ലാ സുഖങ്ങളും ഉപേക്ഷിച്ച് നാടിനായി പ്രവർത്തിക്കുന്നുവെന്ന് പറയുന്നത് മഹത്തരമാണ്.
രാഷ്ട്രീയ ഉദ്ദേശ്യത്തോടെയല്ല ഞാൻ ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. രാഷ്ട്രീയം നല്ലതാണ്. എന്നാൽ, കേരളത്തിലെ രാഷ്ട്രീയം വേറെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പ്രായത്തിലും യോഗ ചെയ്യുന്നത് അദ്ദേഹത്തിന് ചിന്താശക്തിയും അറിവും നൽകുന്നു. ഇതെല്ലാം സംഘത്തിൽ പ്രവർത്തിച്ചതിന്റെ ഗുണമാണ്.
ആർഎസ്എസിന്റെ അച്ചടക്കം എടുത്തുപറയേണ്ടതാണ്. ഒരു പ്രാസംഗികൻ എന്തെങ്കിലും പറഞ്ഞാൽ കൈയടിക്കുന്നതിലല്ല, അത് ക്ഷമാപൂർവം മനസിൽ പതിയുന്ന തരത്തിൽ ഉൾക്കൊള്ളുകയാണ് വേണ്ടത്. എന്നെ സംബന്ധിച്ച് സംഗീതമാണ് മനസിൽ മുഴുവൻ' എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |