
മുംബയ് : അവിഭക്ത ശിവസേനയുടെ 28 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് ബൃഹൻ മുംബയ് കോർപ്പറേഷൻ ഭരണം (ബി.എം.സി) ഭരണം പിടിച്ചെങ്കിലും ബി.ജെ.പിക്ക് അത്ര എളുപ്പമല്ല കാര്യങ്ങൾ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ബി.ജെ.പിക്ക് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ കഴിയാത്തതാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോർപ്പറേഷൻ ഭരണത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് മാറ്റിയത്. 227 വാർഡുകളുള്ള ബി.എം.സിയിൽ 117 സീറ്റുകളാണ് ബി.ജെ.പി-ഷിൻഡെ വിഭാഗം നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിന് ലഭിച്ചത്. ബി.ജെ.പിക്ക് 88ഉം ശിവസേനയ്ക്ക് (ഷിൻഡെ) 29 സീറ്റുകളുമാണ് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 114 സീറ്റുകൾ മതിയാകുമെങ്കിലും ഷിൻഡെ വിഭാഗം മേയർ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചതാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്. ഷിൻഡെ വിഭാഗത്തിന്റെ പിന്തുണയില്ലാതെ ബി.ജെ.പിക്ക് ഭരണത്തിലെത്താൻ സാദ്ധ്യമല്ല,
മുംബയുടെ മേയർ ശിവസേനയിൽ (ഷിൻഡെ) നിന്നുള്ള ആളായിരിക്കണം. കാരണം ഇത് ബാലസാഹെബിന്റെ (ബാൽ താക്കറെ) പാരമ്പര്യമാണ്. എന്നാണ് ഷിൻഡെ വിഭാഗം കൗൺസിലർമാർ ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ തങ്ങളുടെ പാർട്ടി അംഗങ്ങളെ ഒന്നിച്ച് നിറുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഷിൻഡെ വിഭാഗം കൗൺസിലർമാരെ ശനിയാഴ്ച ബാന്ദ്രയിലെ ആഡംബര ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. കൗൺസിലർമാരെ ഉച്ചയ്ക്ക് ശേഷം താജ് ലാൻഡ്സ് എൻഡിലേക്ക് കൊണ്ടുപോകുമെന്നാണ് പാർട്ടി നേതാക്കളിൽ നിന്ന് ലഭിക്കുന്ന വിവരം.
എന്നാൽ കൗൺസിലർമാരെ ഹോട്ടലിലേക്ക് മാറ്റിയത് പാർട്ടിയിലെ ഐക്യം ഉറപ്പിക്കാനാണെന്നും വിലപേശലിന്റെ ഭാഗമല്ലെന്നും ചില നേതാക്കൾ വ്യക്തമാക്കി. അതേസമയം മുംബയ് കോർപ്പറേഷനിൽ ഭരണം നിലനിറുത്താൻ ഉദ്ധവ് താക്കറെ വിഭാഗം നീക്കങ്ങൾ നടത്താനുള്ള സാഹചര്യത്തിലാണ് ഷിൻഡെ വിഭാഗം കൗൺസിലർമാരെ ഹോട്ടലിലേക്ക് മാറ്റിയതെന്നും സൂചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |