തിരുവനന്തപുരം: കരുവന്നൂർ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ ഡി) സമർപ്പിച്ച കുറ്റപത്രത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബോധപൂർവമായ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇഡി നടത്തുന്നതെന്നാണ് ഗോവിന്ദൻ പറഞ്ഞത്. സിപിഎമ്മിനെ പ്രതിയാക്കിക്കളയാം എന്ന ധാരണയോടുകൂടിയാണ് ഇഡി മുന്നോട്ടുവന്നിരിക്കുന്നത്. സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്താമെന്നാണ് കരുതുന്നതെങ്കിൽ അത് ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ എറണാകുളം പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്‌ട് പ്രത്യേക (പിഎംഎൽഎ) കോടതിയിലാണ് ഇ ഡി രണ്ടാംഘട്ട കുറ്റപത്രം സമർപ്പിച്ചത്. സിപിഎമ്മിനെയും പാർട്ടിയുടെ തൃശൂർ ജില്ലയിലെ മൂന്ന് മുൻ സെക്രട്ടറിമാരെയും കേസിൽ പ്രതിസ്ഥാനത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. എം.എം വർഗീസ്, എ.സി മൊയ്‌തീൻ, കെ. രാധാകൃഷ്‌ണൻ എം.പി എന്നീ മുതിർന്ന നേതാക്കളെയാണ് പ്രതി സ്ഥാനത്ത് ഉൾപ്പെടുത്തിയത്. കോടതിയിൽ സമർപ്പിച്ച അന്തിമ കുറ്റപത്രത്തിൽ പുതുതായി 27 പ്രതികൾ കൂടിയുണ്ട്. ആകെ 83 പ്രതികളാണ് ഇതോടെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലുള്ളത്. 180 കോടി രൂപയുടെ തട്ടിപ്പാണ് കരുവന്നൂരിൽ നടന്നത്. ഇതിൽ 128 കോടി രൂപ ഇഡി കണ്ടുകെട്ടി.
അതേസമയം, കരുവന്നൂരിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും എന്നാൽ അതിൽ പാർട്ടിക്ക് പങ്കില്ലെന്നും എ സി മൊയ്‌തീൻ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നേതാക്കളെ പ്രതിയാക്കിയതെന്നും മൊയ്തീൻ വ്യക്തമാക്കി. കുറ്റപത്രം രാഷ്ട്രീയ പ്രേരിതമാണെന്നും പാർട്ടി നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |