ന്യൂഡൽഹി : യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നാളെ നിശ്ചയിച്ചിരിക്കെ, കൂടുതൽ ഇടപെടുന്നതിലെ നിസഹായത കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ തുറന്നു പറഞ്ഞു.
വധശിക്ഷ നടപ്പായാൽ സങ്കടകരമാണെന്ന് കോടതി പ്രതികരിച്ചു. വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാമെന്നും അന്നത്തെ സ്ഥിതി എന്താണെന്ന് അറിയിക്കാനും കോടതി കേന്ദ്രത്തോടും ഹർജിക്കാരോടും നിർദ്ദേശിച്ചു.
ശിക്ഷ മരവിപ്പിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി വ്യക്തമാക്കി. ഇന്നലെയും യെമൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇന്ത്യയ്‌ക്ക് യെമനിൽ എംബസിയില്ല. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിലെ ജയിലിലാണ് നിമിഷ. അവർക്ക് നയതന്ത്ര തലത്തിൽ അംഗീകാരമില്ല. വധശിക്ഷ സസ്‌പെൻഡ് ചെയ്യാൻ യെമൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്തു നൽകി. ഒരു ഷെയ്‌ഖിന്റെ സഹായം തേടി. എന്നാൽ ഇവയൊന്നും ഫലപ്രദമായില്ല.
വധശിക്ഷ മാറ്റിവയ്‌ക്കുമെന്ന് അനൗദ്യോഗിക വിവരങ്ങൾ വരുന്നുണ്ട്. എന്നാൽ അത് സ്ഥിരീകരിച്ചിട്ടില്ല. പരിധിക്കപ്പുറം ഇടപെടുന്നതിന് പരിമിതിയുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥനും കോടതിയിലെത്തിയിരുന്നു.
ദയാധനം: കുടുംബം
അടുക്കുന്നില്ല
അഭിമാനവുമായി ബന്ധപ്പെട്ട കാര്യമെന്ന നിലപാടാണ് കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്‌ദോ മഹദിയുടെ കുടുംബം സ്വീകരിച്ചിരിക്കുന്നതെന്ന് അറ്റോർണി ജനറൽ പറഞ്ഞു. ദയാധനം സ്വീകരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. കൂടുതൽ പണം നൽകിയാൽ മനസു മാറുമോയെന്നും അറിയില്ല.
വിദേശ രാജ്യത്തോട്
നിർദ്ദേശിക്കാനാവില്ല
വൈകാരിക വിഷയമാണെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കൊലപാതകം നടന്നതിന്റെ സാഹചര്യം നോക്കുമ്പോൾ വധശിക്ഷ നടപ്പായാൽ സങ്കടകരമാണ്. ശിക്ഷ സസ്‌പെൻഡ് ചെയ്യാൻ വിദേശരാജ്യത്തോട് നിർദ്ദേശിക്കാനുമാകില്ല. കൂടുതൽ ദയാധനം നൽകാൻ തയ്യാറാണെന്ന് ഹർജി സമർപ്പിച്ച സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അറിയിച്ചു.
നിമിഷപ്രിയയുടെ മോചനം,
ഇടപെടലുമായി കാന്തപുരം
കോഴിക്കോട്:യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ.യെമനിലെ ഇസ്ലാമിക പുരോഹിതൻമാരുമായും കൊല്ലപ്പെട്ട തലാൽ അബ്ദുൽ മഹ്ദിയുടെ സഹോദരനുമായും കാന്തപുരം സംസാരിച്ചു.ബ്ലഡ് മണി സ്വീകരിച്ച് മാപ്പ് നൽകണമെന്ന് തലാലിന്റെ കുടുംബത്തോട് പുരോഹിതന്മാരും ആവശ്യപ്പെട്ടു.യെമൻ ഭരണകൂടവുമായും ബന്ധപ്പെട്ടിട്ടുണ്ട്.സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നടത്തുന്ന ശ്രമങ്ങൾക്കൊപ്പം കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ ഇടപെടലുകളും നിർണായകമാകും.കാന്തപുരം നടത്തുന്ന ഇടപെടലുകളെ അഭിനന്ദിച്ച് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ അംഗങ്ങൾ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.വിഷയത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ കാന്തപുരത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.യെമൻ പൗരൻ തലാൽ അബ്ദുൽ മഹ്ദി കൊല്ലപ്പെട്ട കേസിൽ 2017 മുതൽ യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16ന് നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |