കണ്ണൂർ: കന്യാസ്ത്രീകൾക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. അറസ്റ്റിലായ സിസ്റ്റർ വന്ദനയുടെ കണ്ണൂർ ഉദയഗിരിയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നിയമവാഴ്ചക്ക് വില കല്പിക്കുന്നുണ്ടെങ്കിൽ കന്യാസ്ത്രീകളെ ആക്രമിച്ചവർക്കെതിരെ കേസെടുക്കണം. കന്യാസ്ത്രീകളെ കൈയേറ്റം ചെയ്ത ബജ്റംഗ് ദൾ വനിതാ നേതാവ് 28ഓളം കേസിൽ വാറണ്ടുള്ള പിടികിട്ടാപുള്ളിയാണ്. ബി.ജെ.പിയുടെ ദുസ്വാധീനത്തിലൊന്നും വിശ്വാസസമൂഹം വീഴില്ലെന്നും. സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ധീഖ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
അമിത് ഷാ വാക്ക് പാലിച്ചു; കേന്ദ്രത്തിന്
നന്ദി പറഞ്ഞ് ബിഷപ്പ്പാംപ്ളാനി
കണ്ണൂർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദി പറഞ്ഞ് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി. കേന്ദ്ര സർക്കാരിന്റെയും അമിത് ഷായുടെയും ഇടപെടലിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്. വൈകിയാണെങ്കിലും നീതി ലഭിച്ചു. അമിത് ഷാ പറഞ്ഞ വാക്ക് പാലിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എടുത്ത നിലപാടിനെ ശ്ലാഘിക്കുന്നുവെന്നും പാംപ്ലാനി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും കന്യാസ്ത്രീകൾക്ക് എതിരായ കേസ് പിൻവലിക്കാനും നടപടികൾ ഉണ്ടാവണമെന്നും പാംപ്ലാനി പറഞ്ഞു.
കന്യാസ്ത്രീകളുടെ അറസ്റ്റിൽ സഭ രാഷ്ട്രീയം കാണുന്നില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ ഇടപെടുന്ന രാഷ്ട്രീയ കക്ഷികളുണ്ടാവാം. എന്നാൽ സഭക്ക് ഈ നിലപാടില്ല.ബി.ജെ.പിയെ പറയാൻ തങ്ങൾ മടിക്കുന്നില്ല. തെറ്റിനെ തെറ്റ് എന്നുതന്നെ വിളിക്കും. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ഏതെങ്കിലും പാർട്ടിയെ നിരന്തരം ആക്രമിക്കുക എന്ന രീതി തങ്ങൾക്കില്ല. തെറ്റ് പറ്റിയെങ്കിൽ അത് തിരുത്താനുള്ള ആർജവത്തെ സ്വാഗതം ചെയ്യുന്നുവെന്നും ബിഷപ്പ് പാംപ്ലാനി പറഞ്ഞു.
കന്യാസ്ത്രീകൾക്കെതിരെയുള്ള കേസ് റദ്ദാക്കണം : ആർച്ച് ബിഷപ്ആൻഡ്രൂസ് താഴത്ത്
തൃശൂർ: കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കേസ് റദ്ദാക്കാനുള്ള നടപടികൾ കൂടി സ്വീകരിക്കണമെന്നും സി.ബി.സി.ഐ പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. ഈ കേസ് മനഃപൂർവം എടുത്തതാണെന്ന് എല്ലാവർക്കും അറിയാം. മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് വ്യക്തമാണ്. ആൾക്കൂട്ട വിചാരണയാണ് നടക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ തടയാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണം. ക്രൈസ്തവർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ അക്രമങ്ങൾ വർദ്ധിക്കുകയാണ്. മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും ഉറപ്പുവരുത്താൻ സർക്കാരുകൾ ശ്രമിക്കണമെന്നും ആർച്ച് ബിഷപ് ആവശ്യപ്പെട്ടു.
'ഒപ്പം നിന്ന എല്ലാവർക്കും നന്ദി':
സന്യാസിനി സമൂഹം
ചേർത്തല: 'വേദനയിൽ ഞങ്ങൾക്കൊപ്പം നിന്ന എല്ലാവരോടും നന്ദിയും സ്നേഹവുമുണ്ട്. പ്രാർത്ഥനകൾ കേട്ട ദൈവത്തിനും നന്ദി. പൊതുസമൂഹത്തിന്റെയാകെ പിന്തുണയും പ്രാർത്ഥനയുമാണ് പ്രിയപ്പെട്ട സന്യാസിനികളുടെ മോചനത്തിനു വഴിയൊരുക്കിയത് ' അസീസി സിസ്റ്റേഴ്സ് ഒഫ് മേരി ഇമാക്കുലേറ്റ് അസിസ്റ്റന്റ് മദർ ജനറൽ സിസ്റ്റർ റജീസ് മേരി പറഞ്ഞു.
ഭിന്നിപ്പിന്റെ രാഷ്ട്രീയം
ചെറുക്കും: സതീശൻ
തിരുവനന്തപുരം: കേരളത്തിന്റെ മതേതര മനസിലേക്ക് ഭിന്നിപ്പിന്റെ രാഷ്ട്രീയം കൊണ്ടുവരാനുള്ള ബി.ജെ.പി ശ്രമത്തിനെതിരെ കോൺഗ്രസും യു.ഡി.എഫും സർവ ശക്തിയുമുപയോഗിച്ച് പോരാടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
ചെയ്യാത്ത കുറ്റത്തിനാണ് ഒൻപത് ദിവസം കന്യാസ്ത്രീകൾക്ക് ജയിലിൽ കഴിയേണ്ടിവന്നത്. ബി.ജെ.പി ദേശീയ, സംസ്ഥാന നേതൃത്വങ്ങളും ഇതിന് കൂട്ടുനിന്നു.
കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാനുള്ള നിയമപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എം.എൽ.എമാരായ റോജി എം. ജോണിനും സജീവ് ജോസഫിനും സതീശൻ നന്ദി പറഞ്ഞു. എഫ്.ഐ.ആർ റദ്ദാക്കുന്നതു വരെയുള്ള നിയമപരമായ എല്ലാ പോരാട്ടങ്ങൾക്കും പിന്തുണ നൽകും. ഛത്തീസ്ഗഡിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയും പി.സി.സി പ്രസിഡന്റും കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടി ഒപ്പമുണ്ടായിരുന്നു. മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ജയിൽപോയി കന്യാസ്ത്രീകളെ കണ്ടു.
കന്യാസ്ത്രീ വിഷയത്തിൽ ആദ്യം ഇടപെട്ടത്
ഇടത് നേതാക്കൾ : മന്ത്രി ബിന്ദു
തൃശൂർ: കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷിക്കുന്നതായി മന്ത്രി ഡോ.ആർ.ബിന്ദു പത്രസമ്മേളനത്തിൽ പറഞ്ഞു. ജയിലിലടച്ചപ്പോൾ ആദ്യം ഇടപെട്ടത് ഇടത് നേതാക്കളാണെന്ന് മന്ത്രി വ്യക്തമാക്കി. ദിവസങ്ങൾക്ക് ശേഷമാണ് ബി.ജെ.പി അദ്ധ്യക്ഷൻ ഈ വിഷയത്തിൽ പ്രതികരിച്ചത്.
ജോൺ ബ്രിട്ടാസ്, ജോസ് കെ.മാണി, വൃന്ദ കാരാട്ട്, ആനി രാജ തുടങ്ങിയ നേതാക്കൾ സംഭവസ്ഥലത്ത് പോയി കന്യാസ്ത്രീകളെ സമാശ്വസിപ്പിക്കുകയും മോചനത്തിനായി പ്രയത്നിക്കുകയും ചെയ്തു. പാർലമെന്റിലടക്കം പ്രതിരോധമുയർത്തിയപ്പോഴാണ് എല്ലാവരും ഉണർന്നത്. കേരളത്തിലെ മന്ത്രിമാരും ഈ വിഷയത്തിൽ ഇടപെട്ടിട്ടുള്ളതാണ്. അതിന്റെ ഭാഗമായാണ് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഉണ്ടായതെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.
നീതിനിഷേധം അവസാനിപ്പിക്കും
വരെ സമരം:ശിഹാബ് തങ്ങൾ
തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള നീതിനിഷേധം പൂർണ്ണമായി അവസാനിക്കുംവരെ ഒറ്റക്കെട്ടായ സമരവുമായി മുന്നോട്ടുപോകുമെന്ന് മുസ്ലീംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഛത്തീഗഡിൽ കന്യാസ്ത്രീകളെ അറസ്റ്രു ചെയ്യുകവഴി ന്യൂനപക്ഷങ്ങളെ പേടിപ്പെടുത്തുക എന്നതാണ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.
ഛത്തീസ്ഗഡ്, അസാം എന്നിവിടങ്ങളിലെ ന്യൂനപക്ഷ വേട്ടയ്ക്കെതിരെ യൂത്ത്ലീഗ് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സന്ന്യസ്ത വേഷം ധരിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതേതര പാർട്ടികൾ ഒരുമിച്ചു ശബ്ദിച്ചപ്പോഴാണ് ജാമ്യത്തിനു സമ്മർദ്ദമുണ്ടായതും ജാമ്യം ലഭിച്ചതും. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ് അദ്ധ്യക്ഷനായി. ലത്തീൻ അതിരൂപത വികാരി ജനറാൾ മോൺ. യൂജിൻ എച്ച്.പെരേര, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി.ഇസ്മായിൽ, ഷിബു മീരാൻ, നിസാർ മുഹമ്മദ് സുൽഫി, അഹമ്മദ് ഷാ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |