തിരുവനന്തപുരം: കേരളത്തില്‍ കോള്‍ഡ്രിഫ് (Coldrif) സിറപ്പിന്റെ വില്പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍ പ്രശ്‌നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഈ ബാച്ച് മരുന്നിന്റെ വില്പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലാക്കിയത്. എങ്കിലും സുരക്ഷയെ കരുതിയാണ് കോള്‍ഡ്രിഫ് മരുന്നിന്റെ വിതരണവും വില്പനയും പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
കേരളത്തില്‍ എട്ട് വിതരണക്കാര്‍ വഴിയാണ് ഈ മരുന്നിന്റെ വില്പന നടത്തുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാം തന്നെ വിതരണവും വില്പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയുള്ള വില്പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകള്‍ നടന്നു വരുന്നു. കോള്‍ഡ്രിഫ് സിറപ്പിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റ് ചുമ മരുന്നുകളുടേയും (സിറപ്പ്) സാമ്പിളുകള്‍ ശേഖരിച്ച് വരുന്നു. കേരളത്തില്‍ ചുമ മരുന്നുകള്‍ നിര്‍മ്മിക്കുന്ന 5 കമ്പനികളുടെ മരുന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സെന്‍ട്രല്‍ ഡിജിഎച്ച്എസിന്റെ നിര്‍ദ്ദേശപ്രകാരം രണ്ടുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ ചുമയ്ക്കുള്ള സിറപ്പ് നിർദേശിക്കരുത്. അഥവാ അത്തരത്തില്‍ മരുന്ന് കുറിപ്പടി വന്നാലും ചുമയ്ക്കുള്ള സിറപ്പ് നല്‍കരുതെന്ന് എല്ലാ മെഡിക്കല്‍ സ്റ്റോറുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഞ്ചുവയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ചുമയ്ക്കുള്ള സിറപ്പ് നല്‍കുന്നെങ്കില്‍ നിരീക്ഷണം ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |