തിരുവനന്തപുരം: ഏറ്രവും കൂടുതൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുന്നതും ദുരന്ത ഭീഷണിയുള്ളതുമായ ആറു ജില്ലകളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡെപ്യൂട്ടി കളക്ടർമാരില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തസ്തിക സൃഷ്ടിക്കാൻ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം.
പരിസ്ഥിതിലോല പ്രദേശങ്ങൾ ഉൾപ്പെടുന്ന ഇടുക്കി, ഏറ്രവും വലിയ ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ച വയനാട്, കോട്ടയം, കൊല്ലം, കാസർകോട്, പാലക്കാട് ജില്ലകളിലാണ് ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ആളില്ലാത്തത്. ഇതിനായി പ്രത്യേക വിഭാഗവും ജീവനക്കാരുമുണ്ടെങ്കിലും ഏകോപനത്തിന് ഉദ്യോഗസ്ഥനില്ല.
മറ്റ് എട്ടു ജില്ലകളിലും ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് ദുരന്ത നിവാരണ വിഭാഗം പ്രവർത്തിക്കുന്നത്. കനത്ത മഴ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, വരൾച്ച, മണ്ണിടിച്ചിൽ തുടങ്ങിയവ സംഭവിക്കുമ്പോൾ ഈ വിഭാഗമാണ് ജനങ്ങളുടെ സേവനത്തിന് എത്തേണ്ടത്.
തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെ നിരവധി ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് റവന്യുവകുപ്പ് ജീവനക്കാർക്കുള്ളത്. ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള പല സേവനങ്ങളും നൽകേണ്ടതും റവന്യുജീവനക്കാരാണ്. അതിനാൽ, ഒഴിഞ്ഞ തസ്തികയിൽ മറ്റൊരിടത്ത് നിന്ന് ആളെ കൊണ്ടുവച്ച് ജോലി നടത്താനാവില്ല.
ആറു ജില്ലകളിലും ഡെപ്യൂട്ടി കളക്ടർ തസ്തിക അനുവദിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് എസ്.കെ.എം. ബഷീർ, ജനറൽ സെക്രട്ടറി പി.ശ്രീകുമാർ എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |