തിരുവനന്തപുരം:തന്റെ ആരോഗ്യ നില സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് കുടുംബവും പാർട്ടിയും നൽകിയതെന്ന് മകൻ ചാണ്ടി ഉമ്മൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം വിശദീകരിച്ചു.
ഉമ്മൻചാണ്ടിക്ക് ചികിത്സ വൈകുന്നവെന്ന മാദ്ധ്യമവാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് മകൻ വീഡിയോ പങ്കു വച്ചത്. തുടർചികിത്സ നിഷേധിക്കുന്നുവെന്ന പ്രചാരണവും അദ്ദേഹം നിഷേധിച്ചു. ചികിത്സയിൽ യാതൊരു വീഴ്ചയുമില്ല. വിദഗ്ധമായ ചികിത്സയാണ് ലഭിച്ചത്. ഇത്തരമൊരു പ്രചാരണമുണ്ടാകാനുള്ള സാഹചര്യമെന്താണെന്ന് അറിയില്ലെന്നും ഇതൊക്കെ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
. വിദേശത്തെയും ബംഗളൂരുവിലെയും ചികിത്സയ്ക്ക് ശേഷം ഉമ്മൻചാണ്ടിക്ക് തുടർ ചികിത്സ നൽകുന്നില്ലെന്ന പ്രചാരണത്തെ എതിർത്തും, സാഹചര്യങ്ങൾ വിശദീകരിച്ചും മകൻ ചാണ്ടി ഉമ്മൻ ഫെയ്സ്ബുക്ക് കുറിപ്പിട്ടിരുന്നു. ജർമ്മനിയിലെ ലേസർ സർജറിക്ക് ശേഷം ബംഗളുരുവിൽ ഡോ. വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ആരംഭിച്ചത്. അദ്ദേഹം നിർദ്ദേശിച്ച മരുന്നുകളാണ് ഇപ്പോഴും നൽകുന്നത്. മരുന്നും ഭക്ഷണക്രമവും ഫിസിയോതെറാപ്പിയും സ്പീച്ച് തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സരീതിയാണ് ഡോക്ടർ നിർദേശിച്ചത്. നവംബർ 22 മുതൽ അദ്ദേഹത്തിന്റെ ചികിത്സയിലാണ്. ഡിസംബർ 26-നും ജനുവരി 18-നും ബാംഗ്ലൂരിലെത്തി തുടർപരിശോധനകൾ നടത്തിയിരുന്നു. ഭാരത് ജോഡോ യാത്ര കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയതേയുള്ളൂ. അടുത്ത റിവ്യൂവിന് സമയമായിട്ടുണ്ട്. വീട്ടിൽ കൂടിയാലോചിച്ച് അടിയന്തരമായി ബാംഗ്ലൂരിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്നും ചാണ്ടി ഉമ്മന്റെ കുറിപ്പിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |