കൊച്ചി: പള്ളുരുത്തി സെയ്‌ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ശിരോവസ്‌ത്ര തർക്കത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ തള്ളി പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ. ശിരോവസ്‌ത്രം അനുവദിക്കില്ലെന്ന സ്‌കൂളിന്റെ നയത്തിൽ മാറ്റമില്ലെന്നും നിയമം എല്ലാവർക്കും ബാധകമാണെന്നും പിടിഎ പ്രസിഡന്റ് പറഞ്ഞു.
വിദ്യാർത്ഥിനിയെ ശിരോവസ്‌ത്രം ധരിക്കാൻ അനുവദിക്കാത്തത് ഗുരുതര വീഴ്‌ചയാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധവുമാണെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞിരുന്നു. മതവിശ്വാസത്തിന്റെ ഭാഗമായി ശിരോവസ്‌ത്രം ധരിച്ച് തുടർപഠനം നടത്താൻ കുട്ടിയെ അനുവദിക്കണം. ശിരോവസ്‌ത്രത്തിന്റെ നിറവും ഡിസൈനും സ്‌കൂൾ അധികൃതർക്ക് തീരുമാനിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
ഇതുസംബന്ധിച്ച് സ്‌കൂൾ മാനേജറും പ്രിൻസിപ്പളും ഇന്ന് റിപ്പോർട്ട് നൽകാനും വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിടിഎ പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്. കുട്ടിയുടെ അവകാശലംഘനത്തേക്കാളുപരി സ്ഥാപനത്തിന് അവകാശമുണ്ട്. 2018ൽ ഇതുസംബന്ധിച്ച് ഹൈക്കോടതി വിധിയുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌നം പരിശോധിക്കപ്പെടേണ്ടത്. കുട്ടിയ്‌ക്ക് സ്‌കൂളിന്റെ നിയമത്തിനനുസരിച്ച് പഠനം തുടരാം. മന്ത്രിക്ക് റിപ്പോർട്ട് നൽകുന്നത് സംബന്ധിച്ച് തങ്ങൾക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പിടിഎ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
പ്രശ്‌നങ്ങളെത്തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അടച്ചിട്ടിരുന്ന സ്‌കൂൾ ഇന്നാണ് തുറന്നത്. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി സ്‌കൂൾ അധികൃതർ കോടതിയിൽ നിന്ന് പൊലീസ് സംരക്ഷണത്തിനുള്ള അനുമതിയും വാങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |