
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തിരുവനന്തപുരത്ത് വോട്ട് ചെയ്‌തത് തൃശൂരിൽ വിവാദമായി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചെയ്‌ത സുരേഷ് ഗോപി ഇപ്പോൾ തിരുവനന്തപുരത്ത് വോട്ട് ചെയ്‌തത് എങ്ങനെയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കണമെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ ആവശ്യപ്പെട്ടു. സുരേഷ് ഗോപിയുടെ ചെമ്പ് തെളിഞ്ഞെന്നും ധാർമികതയുണ്ടെങ്കിൽ രാജിവച്ചൊഴിയണമെന്നും കോൺഗ്രസ് പരിഹസിച്ചു. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും രണ്ട് വോട്ടർ പട്ടികയെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലേക്ക് ബിജെപി പുറത്ത് നിന്നും വോട്ട് ചേർത്ത വിവാദം ഒടുങ്ങുന്നതിന് മുമ്പാണ് ഇപ്പോൾ വീണ്ടും സുരേഷ് ഗോപിയുടെ വോട്ടിനെക്കുറിച്ച് വിവാദമുയരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നെട്ടിശേരിയിലെ വിലാസത്തിൽ വോട്ട് ചെയ്‌ത സുരേഷ് ഗോപിയും കുടുംബാംഗങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിൽ ശാസ്‌തമംഗലത്താണ് വോട്ട് ചെയ്‌തത്. രണ്ടിടത്ത് എങ്ങനെ വോട്ട് ചെയ്‌തു എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും സുരേഷ് ഗോപിയും വിശദീകരിക്കണമെന്നായിരുന്നു വിഎസ് സുനിൽകുമാർ ആവശ്യപ്പെട്ടത്. രണ്ട് സ്ഥലങ്ങളിലും വോട്ട് നിലനിർത്തുന്ന സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുനിൽ കുമാർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |