തിരുവനന്തപുരം: പെൻഷൻ പരിഷ്‌കരണം ആവശ്യപ്പെട്ട് ജല അതോറിട്ടി പെൻഷൻകാർ ഫെബ്രുവരി 14 മുതൽ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നു. 75 ദിവസമായി ജല അതോറിട്ടി ആസ്ഥാനത്തിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ തുടർച്ചയായാണിത്. നിരാഹാര സമരം നടത്തുമെന്ന് ചൂണ്ടിക്കാട്ടി പെൻഷണേഴ്സ് കൂട്ടായ്‌മ മുഖ്യമന്ത്രി പിണറായി വിജയനു കത്തുനൽകി.
9,800 പെൻഷൻകാരാണ് ജല അതോറിട്ടിയിലുള്ളത്. പെൻഷൻ പരിഷ്‌കരിക്കുമ്പോഴുണ്ടാകുന്ന ബാദ്ധ്യത ഏറ്റെടുക്കാൻ വാട്ടർ അതോറിട്ടി തയ്യാറായിട്ടും ഫയലിൽ ഒപ്പുവയ്ക്കാൻ ധനമന്ത്രി കെ.എൻ.ബാലഗോപാൽ തയ്യാറാകുന്നില്ലെന്നാണ് പരാതി. ഫയൽ ധനമന്ത്രിയുടെ ഓഫീസിൽ നിന്ന് സെക്രട്ടേറിയറ്റിലെ ധനവകുപ്പ് പെൻഷൻ വിഭാഗത്തിലേക്കു കൈമാറിയിരുന്നു. ധനവകുപ്പ് ആവശ്യപ്പെട്ട കൂടുതൽ വിവരങ്ങളും ജല അതോറിട്ടി നൽകിയെങ്കിലും ഫയൽ ഇപ്പോഴും ജോയിന്റ് സെക്രട്ടറിയുടെ കൈവശമാണ്. സർക്കാർ 2021ൽ നിയോഗിച്ച കമ്മിഷൻ ശമ്പളത്തിനൊപ്പം പെൻഷൻ പരിഷ്കരണവും ശുപാർശ ചെയ്തിരുന്നു. എന്നാൽ പെൻഷൻ പരിഷ്കരണം സർക്കാർ പരിഗണിച്ചില്ല. 2014ലാണ് അവസാനമായി പെൻഷൻ പരിഷ്‌കരിച്ചത്.
സമരക്കാരുമായി നടത്തിയ ചർച്ചയിൽ ധന, ജല വിഭവ മന്ത്രിമാരുടെ സംയുക്ത യോഗത്തിൽ തീരുമാനമെടുക്കാമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജല അതോറിട്ടി പെൻഷൻ പരിഷ്‌കരണവും ധനസ്ഥിതിയും സംബന്ധിച്ച് ഡിസംബറിൽ റിപ്പോർട്ടും നൽകി. എന്നാൽ, ഇതുവരെ യോഗം വിളിച്ചുചേർത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |