ആലപ്പുഴ: അരുമകളെ പാർപ്പിക്കാൻ എയർ കണ്ടീഷൻ റിസോർട്ട് ഒരുക്കി ആലപ്പുഴ തത്തംപള്ളി പുത്തൻപുരയ്ക്കൽ ആന്റണി ജേക്കബ്. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾ, വിദേശത്തേക്ക് പോകുന്നവർ തുടങ്ങിയവരുടെ നായ,പൂച്ച,പക്ഷികൾ തുടങ്ങിയവയെ ആന്റണി ജേക്കബിന്റെ ജാനറ്റ് പെറ്റ്സ് റിസോർട്ടിൽ വിശ്വസിച്ചേൽപ്പിക്കാം.
കഴിഞ്ഞ ഓണം,വേനലവധികൾക്ക് പെറ്റ്സ് റിസോർട്ടിൽ 33 നായകൾ ഒരേ സമയം അതിഥികളായിരുന്നു. ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നടക്കം നായകളെ ഇവിടെ പാർപ്പിക്കാനെത്തിക്കാറുണ്ട്. രണ്ട് മണിക്കൂർ മുതൽ ഒരു വർഷം വരെ റിസോർട്ടിൽ തങ്ങിയ അരുമകളുണ്ട്.
2020ൽ യാത്രപോയ സുഹൃത്തിന്റെ വളർത്തുനായയെ സംരക്ഷിക്കാനാരംഭിച്ചതാണ് പിന്നീട് സംരംഭമായത്. കേട്ടറിഞ്ഞവർ നായളെയും പൂച്ചകളെയും എത്തിക്കാൻ തുടങ്ങിയതോടെ സംഭവം ക്ളിക്കായി. വള്ളിക്കാവ് അമൃതാനന്ദമയീ മഠത്തിലെ അമേരിക്കൻ സ്വദേശിനിയുടെ രണ്ട് നായകൾ ഒരു വർഷത്തിലധികം ഇവിടെ സംരക്ഷിച്ചിരുന്നു. കേരളത്തിൽ എവിടെയുമെത്തി വളർത്തുമൃഗങ്ങളെ കൊണ്ടുവരികയും തിരികെ എത്തിക്കുകയും ചെയ്യും.
ആന്റണിയുടെ പ്രിയപ്പെട്ട സെന്റ് ബെർണാഡ് ബ്രീഡായ ജാനറ്റിന്റെ പേരാണ് റിസോർട്ടിന്. വീടിനോട് ചേർന്ന് അഞ്ഞൂറ് സ്ക്വയർ ഫീറ്റോളമുള്ള ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നായകളും, മുകളിൽ പൂച്ചകളും പക്ഷികളുമാണ്. ഓരോ കൂട്ടിലും ഫാൻ, 24 മണിക്കൂറും പാട്ട്, പ്രാണികൾ അകത്ത് കടക്കാതിരിക്കാനുള്ള സംവിധാനം എന്നിവയുമുണ്ട്. വാക്സിനേഷൻ നടത്തിയ നായകളെ മാത്രമേ പാർപ്പിക്കൂ. അസുഖമുള്ളവയെ അനുവദിക്കില്ല.
ഒരുമാസം പാർപ്പിക്കാൻ
പന്ത്രണ്ടായിരം രൂപ
വലിയ നായകൾക്ക് 500, ചെറുതിന് 450, എയർ കണ്ടീഷൻ സംവിധാനത്തിന് 1000 എന്നിങ്ങനെയാണ് ദിവസനിരക്ക്. നായയെ ഒരു മാസം പാർപ്പിക്കുന്നതിന് ഗ്രൂമിംഗ് ചാർജ്ജടക്കം പന്ത്രണ്ടായിരം രൂപ. പപ്പി ഫുഡ്,വെള്ളം,ചോറ്,ചിക്കൻ,മത്തങ്ങ മിക്സ് എന്നിവയാണ് മെനു. കൂടാതെ ഉടമകൾ ആവശ്യപ്പെടുന്ന ഭക്ഷണവും ആരോഗ്യ സപ്ലിമെന്റുകളും നൽകും. വിദേശത്തായിരുന്ന ആന്റണി പെറ്റ്സ് റിസോർട്ട് ആരംഭിച്ചതോടെ നാട്ടിൽ സ്ഥിരതാമസമാക്കി. ഭാര്യ രേഷ്മയും മക്കളായ റയാൻ, ജുവാൻ, മിലാൻ, ലിവാൻ എന്നിവരും മാതാപിതാക്കളായ ടി.ജെ.ജേക്കബ്, മറിയാമ്മ എന്നിവരും ഒപ്പമുണ്ട്.
നായകൾ കളിക്കുന്നതിന്റെയും ഭക്ഷണം കഴിക്കുന്നതിന്റെയും
വീഡിയോ പകർത്തി അയച്ചാലേ പല ഉടമകൾക്കും സന്തോഷമാകൂ
-ആന്റണി ജേക്കബ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |