പൂനെ: കുളിപ്പിക്കുമ്പോൾ ജീവനക്കാർക്കുണ്ടായ അനാസ്ഥ കാരണം വളർത്തുനായ ചത്തെന്നാരോപിച്ച് പെറ്റ് ക്ലിനിക്കിനെതിരെ യുവതിയുടെ പരാതി. ഐടി ജീവനക്കാരിയായ യുവതിയാണ് പൂനെ സിറ്റി പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കല്യാണി നഗറിൽ പ്രവർത്തിക്കുന്ന പെറ്റ് ക്ളിനിക്കിന്റെ ഉടമയ്‌ക്കും നായയെ പരിചരിച്ച ജീവനക്കാർക്കുമെതിരെ പൊലീസ് കേസെടുത്തു. വായിൽ നിന്നും നുരയും പതയും വന്ന് ക്ലിനിക്കിൽ വച്ചു തന്നെ നായ മരണപ്പെടുകയായിരുന്നു. കുളിപ്പിക്കുന്ന സമയത്ത് ജീവനക്കാരിൽ നിന്നുണ്ടായ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് യുവതി ആരോപിക്കുന്നു.
സെപ്‌തംബർ 28 ന് ഉച്ചയ്‌ക്ക് ഒരു മണിക്കാണ് യുവതിയും സുഹൃത്തും ചേർന്ന് ഒമ്പത് മാസം പ്രായമുള്ള വളർത്തുനായയെ കുളിപ്പിക്കാൻ പെറ്റ് ക്ലിനിക്കിൽ എത്തിച്ചത്. നായയ്‌ക്ക് സോപ്പ് വെള്ളം നക്കുന്ന ശീലമുള്ളതിനാൽ കുളിപ്പിക്കുമ്പോൾ വേണ്ട മുൻകരുതലെടുക്കണമെന്ന് ജീവനക്കാരെ യുവതി അറിയിച്ചിരുന്നു. സോപ്പ് വെള്ളം നക്കാതിരിക്കാനായി കഴുത്തിൽ ഇ-കോളർ ഘടിപ്പിക്കണമെന്നും ചങ്ങലയ്‌ക്ക് പകരം ബലമുള്ള കയർ ഉപയോഗിക്കണമെന്നും നിർദേശം നൽകിയിരുന്നു.
എന്നാൽ, ഈ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല കുറഞ്ഞ ഗുണനിലവാരമുള്ള ഷാംപൂ ഉപയോഗിച്ചാണ് നായയെ കുളിപ്പിച്ചതെന്നും യുവതി പറയുന്നു. നായയുടെ കഴുത്തിൽ ഘടിപ്പിച്ചത് പൂച്ചകൾക്ക് ഉപയോഗിക്കുന്ന ചെറിയ ഇ-കോളർ ആയിരുന്നെന്നും ഇത് സോപ്പ് വെള്ളം നക്കുന്നതിന് നായയെ അനുവദിച്ചുവെന്നും യുവതി പറയുന്നു. നായയുടെ കഴുത്തിൽ ഇറുകിയ ഒരു ചങ്ങല ഇട്ടിരുന്നെന്നും പരാതിയിൽ പറയുന്നു. 4 മണിയോടെ ക്ലിനിക്കിൽ വച്ചു തന്നെ വായിൽ നിന്ന് നുരയും പതയും വന്ന് നായ ചത്തു. ക്ലിനിക്കിലെ അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾക്കായി യുവതി സമീപിച്ചെങ്കിലും ദൃശ്യങ്ങളൊന്നും കിട്ടിയില്ല. യുവതിയുടെ പരാതി പ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |