SignIn
Kerala Kaumudi Online
Friday, 26 April 2024 3.27 PM IST

പ്രതിസന്ധി കാലത്തെ പോരാട്ടക്കരുത്ത്

pinarayi-vijayan

രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും കടുത്ത പ്രതിസന്ധി നേരിടുന്ന കാലത്താണ് സി.പി.എമ്മിന്റെ 23-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം ചേരുന്നത്. കോർപ്പറേറ്റ് അനുകൂല നവലിബറൽ നയങ്ങളുടെയും വർഗീയവത്കരണത്തിന്റെയും കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും ഒരേ തൂവൽപ്പക്ഷികളെപ്പോലെ നിലകൊള്ളുമ്പോൾ അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണ പോരാട്ടങ്ങൾക്കു നേതൃത്വം നൽകുകയെന്ന വലിയ ഉത്തരവാദിത്വമാണ് സി.പി.എമ്മിന് നിർവഹിക്കാനുള്ളത്.

നവ ഉദാരവത്കരണ രീതികളിലൂടെ അസമത്വവും ദാരിദ്ര്യവും വർദ്ധിപ്പിക്കുന്ന തരത്തിലാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സാമ്പത്തിക നയം. ഇക്കഴിഞ്ഞ കേന്ദ്ര ബഡ്‌ജറ്റ് ഇത് വ്യക്തമാക്കുന്നതാണ്. കേരളത്തിന്റെ ന്യായമായ ഒരാവശ്യവും പരിഗണിച്ചില്ലെങ്കിലും നമ്മുടെ തനത് മാതൃകകൾ ദേശീയതലത്തിൽ ഏറ്റെടുക്കാൻ കേന്ദ്രം തയ്യാറായിട്ടുണ്ട്. കംപ്ലയൻസ് ബർഡൻ കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്നും ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്നുമാണ് പ്രഖ്യാപനം. എം- സേവനം നടപ്പാക്കിയും സർട്ടിഫിക്കറ്റുകൾ ഒഴിവാക്കിയും നമ്മൾ നടപ്പാക്കിയ പദ്ധതികളാണ് ഇവ. ഗ്രാമങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കാൻ ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് എന്ന പ്രഖ്യാപനം കേരളത്തിന്റെ കെ- ഫോൺ പദ്ധതിയുടെ മാതൃകയിലാണ്. ഇന്ന് കേരളം ചെയ്യുന്നത് നാളെ ഇന്ത്യ മാതൃകയാക്കുന്നു എന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് ഇവയെല്ലാം.


മതനിരപേക്ഷ ശക്തികൾക്കൊപ്പം നിലയുറപ്പിക്കേണ്ട കോൺഗ്രസ് വർഗീയതയുടെ പുതിയ ആഖ്യാനങ്ങളാൽ ബി.ജെ.പിയോടു മത്സരിക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്. അതിന്റെ സമുന്നത നേതാവാകട്ടെ 'ഹിന്ദുക്കൾ ഹിന്ദുത്വത്തെ തോല്പിക്കും' എന്ന് പറയുന്നു. നമ്മുടെ രാജ്യത്തെ മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഇതരമതസ്ഥർക്കും മതനിരപേക്ഷമായി ചിന്തിക്കുന്നവർക്കും രാജ്യത്തിന്റേ രാഷ്ട്രീയഭാവി നിർണയിക്കുന്നതിൽ ഒരു സ്ഥാനവുമില്ലെന്നല്ലേ ഇതിലൂടെ അദ്ദേഹം വ്യക്തമാക്കുന്നത്?​

ബദലുകളുടെ

സർക്കാർ

വർഗീയ രാഷ്ട്രീയത്തിനും നവ ഉദാരവത്കരണ നയങ്ങൾക്കും ബദലുണ്ടെന്ന് തെളിയിച്ചുകൊണ്ടാണ് കേരളത്തിലെ ഇടതു സർക്കാർ മുന്നോട്ടുപോകുന്നത്. പ്രതിസന്ധി കാലത്ത് ജനങ്ങളെയാകെ ചേർത്തുപിടിച്ച് നാടിന്റെ വികസനം മുന്നോട്ടുകൊണ്ടുപോയ കഴിഞ്ഞ ഇടതുസർക്കാരിന് ഭരണത്തുടർച്ച നൽകി ജനങ്ങൾ വരവേറ്റതിന്റെ കാരണവും മറ്റൊന്നല്ല. തുടർഭരണത്തിന്റെ ഈ അവസരത്തെ ഫലപ്രദമായി ഉപയോഗിക്കുകയാണ് സർക്കാർ.
വരുന്ന നൂറു ദിവസത്തിനകം 140 നിയമസഭാ മണ്ഡലങ്ങളിൽ 100 കുടുംബങ്ങൾക്കു വീതവും,​ 30,000 സർക്കാർ ഓഫീസുകൾക്കും കെ- ഫോൺ കണക്ഷൻ നൽകും. ലൈഫ് മിഷൻ വഴി 20,000 വീടുകളും മൂന്ന് ഭവന സമുച്ചയങ്ങളും പൂർത്തിയാക്കും. എല്ലാ ജില്ലകളിലും സുഭിക്ഷ ഹോട്ടലുകൾ തുറക്കുക, 15,​000 ഭൂരഹിതർക്ക് പട്ടയം നല്കുക എന്നിവയും ലക്ഷ്യമിട്ടിട്ടുണ്ട്.

മൂലധനത്തിന്റെ തേരോട്ടങ്ങളെ പിടിച്ചുനിർത്താനും വർഗീയ ഫാസിസത്തെ പ്രതിരോധിക്കാനും മാർക്സിസം- ലെനിനിസം അല്ലാതെ മാർഗങ്ങളില്ലെന്ന് ലോകം തിരിച്ചറിയുന്ന വേള കൂടിയാണിത്. പൗരത്വ നിയമഭേദഗതി, ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കൽ, മതനിരപേക്ഷത തകർക്കൽ, ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലാതാക്കൽ, തൊഴിലാളിവിരുദ്ധ നിയമങ്ങൾ നടപ്പാക്കൽ, ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കൽ തുടങ്ങി രാജ്യത്തെ ജനങ്ങളുടെയും സംസ്ഥാനങ്ങളുടെയും അവകാശങ്ങൾക്കു മേൽ നിരന്തരം കൈകടത്തുന്ന കേന്ദ്ര നയങ്ങൾക്കെതിരായ പോരാട്ടത്തിന് കരുത്തു പകരുന്നതായി മാറണം,​ ഈ സമ്മേളനം.

കെ- റെയിലിന്റെ

പാളങ്ങളിൽ

അടിസ്ഥാനസൗകര്യ വികസനത്തിനായി ആരംഭിച്ച പദ്ധതികളിൽ പ്രധാനമായ കെ- റെയിൽ യാഥാർഥ്യമാകുന്നതോടെ പ്രത്യക്ഷമായും പരോക്ഷമായും അരലക്ഷത്തോളം പേർക്ക് തൊഴിലവസരമുണ്ടാകും. ടൂറിസം മേഖലയിൽ വലിയ മാറ്റങ്ങൾ വരും. റോഡുകളിലെ ഗതാഗതക്കുരുക്കും ഇന്ധന ഉപഭോഗവും ഗണ്യമായി കുറയും. ചിലർ ആശങ്കപ്പെടുന്നതു പോലെ പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയോ വന്യജീവി മേഖലയിലൂടെയോ ഈ പാത കടന്നുപോകുന്നില്ല.


ഇതൊക്കെ പലതവണ വ്യക്തമാക്കിയിട്ടും വിവാദമുണ്ടാക്കി വികസന പ്രവർത്തനങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസും ബി.ജെ.പിയും കൈകോർക്കുകയാണ്. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾക്കായി സമ്മർദ്ദം ചെലുത്തുന്നതിനു പകരം കേരളവികസനം തടയണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന നിലയിലേക്ക് കോൺഗ്രസ് അധഃപതിച്ചിരിക്കുന്നു. ഇവരെ പൊതുസമൂഹം തിരിച്ചറിയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.