പത്തനംതിട്ട : എസ്.എഫ്.ഐയെ പുകഴ്ത്തിയും യൂത്ത് കോൺഗ്രസിനെ വിമർശിച്ചും കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയംഗം പി.ജെ കുര്യൻ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസിൽ അമർഷം. പത്തനംതിട്ട ഡി.സി.സിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടത്തിയ സമര സംഗമത്തിലായിരുന്നു കുര്യന്റെ പരാമർശം. കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും ഉൾപ്പെടെ വേദിയിലുണ്ടായിരുന്നു.
ക്ഷുഭിത യൗവനത്തെ കൂടെ നിറുത്തുന്നതിൽ എസ്.എഫ്.ഐ മികച്ച സംഘടനാ പാടവമാണ് കാഴ്ച വയ്ക്കുന്നതെന്ന് പി.ജെ.കുര്യൻ പറഞ്ഞു. സി.പി.എമ്മിനോട് എന്തൊക്കെ എതിർപ്പുണ്ടെങ്കിലും അവരുടെ സംഘടന എത്ര ശക്തമാണെന്ന് കാണേണ്ടതുണ്ട്. യൂത്ത് കോൺഗ്രസിന് എന്തു കൊണ്ട് അങ്ങനെ പറ്റുന്നില്ല. യൂത്ത് കോൺഗ്രസ് നേതാക്കളെ ടെലിവിഷനിൽ മാത്രമാണ് കാണുന്നത്. ഒരു മണ്ഡലത്തിൽ ഇറങ്ങിച്ചെന്ന് 25 ചെറുപ്പക്കാരെയെങ്കിലും ഒപ്പം കൂട്ടാൻ കഴിഞ്ഞില്ലെങ്കിൽ കാര്യമൊന്നുമില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ താൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ പത്തനംതിട്ട ജില്ലയിൽ മൂന്ന് സീറ്റെങ്കിലും യു.ഡി.എഫിന് ലഭിക്കുമായിരുന്നുവെന്നും കുര്യൻ പറഞ്ഞു.
പി.ജെ.കുര്യന്
മറുപടിയുമായി
രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: പി.ജെ.കുര്യൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായിയൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഫേസ് ബുക്ക് പോസ്റ്റ്.
കുടുംബ സംഗമങ്ങളിൽ യൂത്ത് കോൺഗ്രസുകാരുടെ എണ്ണം കുറഞ്ഞെന്നു വരും.പക്ഷേ ആ കുറയുന്ന ഒരെണ്ണവും തെരുവിൽ കുറഞ്ഞിട്ടില്ലെന്ന് രാഹുൽ വേദിയിൽ തന്നെ മറുപടി നൽകി. ഇതിനു പിന്നാലെയാണ് ഫേസ് ബുക്ക് പോസ്റ്റ്. "പത്തനംതിട്ട ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ പിന്നെയും ടി.വിയിൽ കാണിച്ചു. കരുതൽ തടങ്കലിലാക്കി പൊലീസ്. വീണാ ജോർജ് മണ്ഡലത്തിൽ വരുന്നുണ്ടത്രേ. അപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ വേണമത്രേ. യൂത്ത് കോൺഗ്രസ് കഴിഞ്ഞ ഒമ്പതര വർഷമായി തുടർച്ചയായി പിണറായി സർക്കാരിനെതിരെ തെരുവിലെ പോരാട്ടത്തിലാണ്. കണ്ണുള്ളവർ കാണട്ടെ. കാതുള്ളവർ കേൾക്കട്ടെ"..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |