തിരുവനന്തപുരം : പ്ളസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് രാവിലെ 10 മുതൽ ഒൻപതിന് വൈകിട്ട് നാല് വരെ നടക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് വിവരങ്ങൾ https://hscap.kerala.gov.in/ലെ Candidate Login-SWS ലെ Supplementary Allot Results ലിങ്കിലൂടെ ലഭിക്കും.
ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യു.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള സപ്ളിമെന്ററി അലോട്ട്മെന്റ് പ്രകാരം ഒൻപത് വൈകിട്ട് നാല് വരെ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ സ്ഥിരപ്രവേശനം നേടാം.
ഒൻപതിന് നാല് മണിക്ക് മുൻപ് അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ സ്ഥിരപ്രവേശനം നേടിയില്ലെങ്കിൽ അഡ്മിഷൻ പ്രോസസിൽ നിന്ന് പുറത്താകും. സപ്ളിമെന്ററി അലോട്ട്മെന്റ് www.vhseportal.kerala.gov.in ൽ.
മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള അലോട്ട്മെന്റ് ലഭിക്കുന്നവരും ജൂലായ് ഒൻപതിന് വൈകിട്ട് നാലിന് മുൻപായി സ്ഥിരപ്രവേശനം നേടണം. തുടർ അലോട്ട്മെന്റ് വിശദാംശങ്ങൾ ജൂലായ് 12 ന്
പ്രസിദ്ധീകരിക്കും.
അദ്ധ്യാപകർക്ക്
ഗവേഷണത്തിന്
സാമ്പത്തിക
സഹായം
തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ അദ്ധ്യാപകർക്ക് ഗവേഷണത്തിന് സാമ്പത്തിക സഹായം നൽകും. സർക്കാർ, എയ്ഡഡ്, സർക്കാർ കോസ്റ്റ് ഷെയറിംഗ്, സ്വാശ്രയ എൻജിനീയറിംഗ് കോളേജുകളിൽ അഞ്ച് വർഷത്തിൽ കവിയാത്ത അദ്ധ്യാപന പരിചയമുള്ളവർക്ക് 'റിസർച്ച് സീഡ് മണി' പദ്ധതിയിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്കു പരമാവധി 2 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. പദ്ധതിയുടെ വിശദവിവരങ്ങളും അപേക്ഷയുടെ ഫോർമാറ്റും സർവകലാശാലയുടെ വെബ്സൈറ്റിൽ www.ktu.edu.in ൽ ലഭിക്കും. അപേക്ഷകൾ ഓഗസ്റ്റ് 20ന് മുൻപ് rsm@ktu.edu.in ലേക്ക് അയക്കണം.
ടൂറിസം വികസനത്തിൽ
രാഷ്ട്രീയംകലർത്തരുത് :
സുരേഷ് ഗോപി
തിരുവനന്തപുരം: ടൂറിസം മേഖലയെ രാഷ്ട്രീയ ജാതി മത ചിന്തകൾക്ക് അതീതമായി വിപുലീകരിച്ച് മുന്നോട്ടു കൊണ്ടുപോകണമെന്ന് കേന്ദ്ര ടൂറിസം സഹ മന്ത്രി സുരേഷ് ഗോപി. കേരള ടൂറിസം ഡെവലപ്മെന്റ് അസോസിയേഷൻ ഭാരവാഹികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് ടൂറിസം വികസനത്തിൽ വലിയ സാദ്ധ്യതകളാണുള്ളത്. അത് ശരിയായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. സ്പിരിച്വൽ ടൂറിസം മേഖലയ്ക്കും വലിയ സാദ്ധ്യതകളുണ്ട്. പുതിയ സ്പിരിച്വൽ ടൂറിസം സർക്യൂട്ടുകൾ കേരളത്തിലും ദക്ഷിണേന്ത്യയിലും രൂപപ്പെടുത്തി അന്തർദേശീയ തലത്തിൽ മാർക്കറ്റ് ചെയ്യാൻ ടൂർ ഓപ്പറേറ്റർമാർ തയ്യാറാകണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.
കേരളത്തിലെ ടൂറിസം മേഖലയുടെ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനം കെ.ടി.ഡി.എ ഭാരവാഹികൾ കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ചു. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് നടപടി കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പു നൽകി. കെ.ടി.ഡി.എ ജനറൽ കൺവീനർ എസ്.എൻ. രഘുചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ, ട്രഷറർ സിജി നായർ, രക്ഷാധികാരി എം.ആർ. നാരായണൻ, സെക്രട്ടറി പ്രസാദ് മാഞ്ഞാലി, സംസ്ഥാന കമ്മിറ്റി അംഗം വിജയകുമാർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |