തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ശുപാർശ ചെയ്തെന്ന് റിപ്പോർട്ട്. അജിത്കുമാറിനെതിരെ പിവി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണത്തിലാണ് നടപടിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം തുടങ്ങിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. ഡിജിപി സർക്കാരിന് നൽകിയിരിക്കുന്ന ശുപാർശ വിജിലൻസിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാവും കേസ് അന്വേഷിക്കുക. അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം ഇന്നുതന്നെ ഉണ്ടായേക്കും.
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ആരോപണങ്ങൾ ഉള്ളതിനാൽ അന്വേഷണം കൂടുതൽ കടുപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി അൻവറിന്റെ പരാതിയിൽ അജിത്കുമാറിന്റെ മൊഴി രേഖപ്പെടുത്തുന്നതിന് ഡിജിപി നോട്ടീസ് നൽകും. നേരിട്ടോ, എഴുതി തയാറാക്കിയോ മൊഴി രേഖപ്പെടുത്തുന്നതിനാണ് നിർദേശമെന്നാണ് വിവരം. ഓണത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ നടപടി ഉണ്ടാവുക.
അതേസമയം, അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കണമെന്ന് ഇന്നലെ ചേർന്ന എൽഡിഎഫ് നേതൃയോഗത്തിൽ സിപിഐയും ആർജെഡിയും ആവശ്യപ്പെട്ടെങ്കിലും, എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിന്റെ റിപ്പോർട്ട് വന്നശേഷം നടപടിയെപ്പറ്റി ചിന്തിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി തറപ്പിച്ചു പറഞ്ഞു. ഡിജിപിയുടെ അന്വേഷണത്തിൽ എല്ലാ ആരോപണങ്ങളും ഉൾപ്പെടുത്തും. അല്ലാതെയുള്ള നടപടി നിയമ,സാങ്കേതിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ എല്ലാവരും അതിന് വഴങ്ങുകയായിരുന്നു.
ആർഎസ്എസ് നേതാക്കളെ കണ്ടതല്ല, എന്തിന് കണ്ടെന്നതാണ് എഡിജിപിയുമായി ബന്ധപ്പെട്ട വിഷയമെന്ന് എൽഡിഎഫ് കൺവീനർ ടിപിരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിവി അൻവർ എം എൽ എ ഉന്നയിച്ച ആരോപണങ്ങളിലും തൃശൂർ പൂരവുമായി ബന്ധപ്പെട്ട പരാതിയിലും എഡിജിപിയുടെ പേരുണ്ട്. ഇതിൽ സമഗ്രമായ പരിശോധനയ്ക്കുള്ള നടപടികൾ ആഭ്യന്തര വകുപ്പ് ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ട് വരുമ്പോൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കർശന ശിക്ഷ നൽകും.
സർക്കാർ ഉചിത നിലപാടെടുത്തുവെന്നാണ് മുന്നണിയുടെ ബോദ്ധ്യം. ആരോപണത്തിന്റെ പേരിൽ ശിക്ഷിക്കാനാവില്ല. ക്രമസമാധാന ചുമതലയിൽ നിന്നു എ.ഡി.ജി.പിയെ മാറ്റേണ്ടത് സർക്കാർ ആലോചിക്കണ്ട വിഷയമാണ്. സ്പീക്കറെന്നത് സ്വതന്ത്ര പദവിയാണ്. എന്ത് പറയണം, പറേയണ്ട എന്ന് തീരുമാനിക്കുന്നത് അദ്ദേഹമാണ്. ഫോൺ ചോർത്തൽ ആരു ചെയ്താലും തെറ്റാണ്.
അൻവർ എഴുതിക്കൊടുത്ത ആരോപണങ്ങളിലെ എല്ലാ പ്രശ്നങ്ങളും അന്വേഷിക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെപ്പറ്റി അതിൽ പരാമർശമില്ല. എല്ലാ ദിവസവും ആരോപണമുന്നയിക്കുന്നത് നല്ല ലക്ഷണമല്ല. പി.വി.അൻവറല്ല ഇടതുമുന്നണി. അദ്ദേഹം അംഗം മാത്രമാണ്. നയരൂപീകരണം നടത്തുന്നത് അൻവറല്ലെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |