തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായി ആനുപാതിക സീറ്റ് വർദ്ധനയും താത്കാലിക ബാച്ചുകളും ആദ്യഘട്ടം മുതൽ അനുവദിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. 2022-23 അദ്ധ്യയനവർഷത്തെ 77 താത്കാലിക ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാല് ബാച്ചുകളും ചേർന്ന് 81 ബാച്ചുകളും 2023-24ൽ അനുവദിച്ച 97 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 14 ബാച്ചുകളും കൂടി 111 ബാച്ചുകളും 2024- 25ൽ അനുവദിച്ച 138 ബാച്ചുകളും തുടരും.
തിരുവനന്തപുരം,പാലക്കാട്,കോഴിക്കോട്,മലപ്പുറം,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിലെ സർക്കാർ സ്‌കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനവും മാർജിനൽ സീറ്റ് വർദ്ധനയാണുള്ളത്. എയ്ഡഡ് സ്‌കൂളുകൾ ആവശ്യപ്പെടുന്ന പക്ഷം 10 ശതമാനം സീറ്റ് വർദ്ധന അനുവദിക്കും. കൊല്ലം,എറണാകുളം,തൃശൂർ ജില്ലകളിലെ സർക്കാർ,എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിൽ 20 ശതമാനവും ആലപ്പുഴയിലെ അമ്പലപ്പുഴ,ചേർത്തല താലൂക്കുകളിലെ സർക്കാർ,എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിൽ 20 ശതമാനവുമാണ് സീറ്റ് വർദ്ധന. പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളിൽ വർദ്ധനയില്ല.
ആനുപാതിക സീറ്റ് വർദ്ധനയിലൂടെ 64,040 സീറ്റുകളാണ് അധികം ലഭിക്കുക. താത്കാലിക ബാച്ചുകളിലൂടെ ലഭ്യമാകുന്നത് 17,290 സീറ്റുകൾ. ഹയർസെക്കൻഡറി മേഖലയിൽ അൺഎയ്ഡഡ് സീറ്റുകൾ ഉൾപ്പെടെ 4,41,887 സീറ്റുകളും വി.എച്ച്.എസ്.ഇ മേഖലയിൽ 33,030 സീറ്റുകളും ചേർന്ന് 4,74,917 സീറ്റുകൾ ലഭ്യമാകും. പുറമേ ഐ.ടി.ഐയിൽ 61,429 സീറ്റുകളും പോളിടെക്നിക്ക് മേഖലയിൽ 9,990 സീറ്റുകളും ലഭ്യമാണ്. എല്ലാ മേഖലകളിലുമായി ഉപരിപഠനത്തിന് ആകെ 5,46,336 സീറ്റുകളുണ്ട്.
ഓൺലൈൻ അപേക്ഷ 14 മുതൽ
പ്ലസ് വൺ പ്രവേശനത്തിന് 14 മുതൽ 20 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ട്രയൽ അലോട്ട്‌മെന്റ് 24ന് നടക്കും. ജൂൺ 2,10, 16 ദിവസങ്ങളിലാണ് ആദ്യ മൂന്നു അലോട്ട്‌മെന്റുകൾ. ജൂൺ 18ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും. ജൂലായ്
23ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ആറു മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെയായിരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |