തൃശൂർ: മഴ പെയ്യരുതേയെന്ന പ്രാർത്ഥന ഫലിച്ചു. നേരിയ മഴക്കാറിന് ചുവട്ടിൽ പൂരപ്പറമ്പിൽ ആനകൾ നിരന്നു, അസ്തമയ സൂര്യന്റെ പ്രഭയോടെ തേക്കിൻകാട് മൈതാനത്ത് ആനപ്പുറമേറിയ കുടമാറ്റച്ചന്തം കാണാൻ കഴിഞ്ഞ വർഷത്തേക്കാൾ ജനം തിങ്ങിനിറഞ്ഞു. ഇന്നേവരെ കാണാത്ത ആൾക്കൂട്ടത്തെ സാക്ഷിയാക്കി വർണ്ണക്കുടകൾ തിളങ്ങിമറഞ്ഞു.
പെരുവനം കുട്ടൻമാരാർക്ക് പകരമെത്തിയ കിഴക്കൂട്ട് അനിയൻ മാരാരുടെ ഇലഞ്ഞിത്തറമേളം, കോങ്ങാട് മധുവിന്റെ മഠത്തിൽ വരവ്, ഒന്നിനു പിന്നാലെയുള്ള ചെറുപൂരങ്ങളുടെ വരവ്... എല്ലാം കൃത്യമായി അരങ്ങേറി. ശനിയാഴ്ച രാത്രിയിലെ കനത്ത മഴയ്ക്കുശേഷം തെളിഞ്ഞ പ്രഭാതത്തിൽ, പതിനഞ്ചാനകളുടെ അകമ്പടിയോടെ തിരുവമ്പാടി ഭഗവതി എഴുന്നള്ളിയപ്പോൾ സമയം ഏഴ്. തിടമ്പേറ്റിയത് തിരുവമ്പാടി ചന്ദ്രശേഖരൻ.
വടക്കുന്നാഥനിൽ ആദ്യമെത്തിയത് കണിമംഗലം ശാസ്താവ്. മഞ്ഞും വെയിലും ഏൽക്കാതെ കണിമംഗലം ശാസ്താവെത്തി. ദേവഗുരുവായതിനാൽ വടക്കുന്നാഥനെ വണങ്ങുകയോ വലം വയ്ക്കുകയോ ചെയ്യാതെ ശാസ്താവ് തെക്കേഗോപുരം വഴി കയറി പടിഞ്ഞാറെ ഗോപുരനട വഴി മടങ്ങി.
പതിനൊന്നോടെ ബ്രഹ്മസ്വം മഠത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ്. ഉച്ചയോടെ എട്ട് ഘടകക്ഷേത്രങ്ങളുടെയും മടക്കം. ഉച്ചയ്ക്ക് ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിനുശേഷം തിരുവമ്പാടി വിഭാഗം വടക്കുന്നാഥന്റെ തിരുമുറ്റത്തെത്തി. പതിനഞ്ചാനകളുമായി പാറമേക്കാവിലമ്മ പൂരത്തിനിറങ്ങി, രണ്ടരയോടെ ഇലഞ്ഞിച്ചുവട്ടിൽ കൊട്ടിക്കയറി, രണ്ടു മണിക്കൂറോളം.
പാറമേക്കാവിലമ്മ ഗോപുരം വഴി തെക്കോട്ടിറങ്ങുമ്പോൾ കുടകൾ മാറിമാറിച്ചൂടി. പിന്നാലെ തിരുവമ്പാടിയും. സ്വരാജ് റൗണ്ടിൽ അഭിമുഖമായി ഇരുദേവിമാരും നിലകൊണ്ടപ്പോൾ സമയം 5.58. പച്ചക്കുടയിലായിരുന്നു കുടമാറ്റത്തിന്റെ തുടക്കം. ഫുട്ബാൾ ലോകക്കപ്പേന്തിയ മെസിയും രാമച്ച ഗണപതിയും ശിവനും ഭഗവതിയുമെല്ലാം കുടകളിൽ അണിനിരന്നപ്പോൾ ആൾക്കൂട്ടം ആർത്തുവിളിച്ചു. 7.20 ന് കുടമാറ്റം കഴിയുമ്പോൾ രാത്രിപൂരത്തിനായി ജനങ്ങൾ ഒഴുകുന്നു, പതിനായിരങ്ങൾ മടങ്ങുന്നു നിർവൃതിയോടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |