തൃശൂർ : വിഖ്യാത പൂരത്തിന് ഇന്നു വിളംബരം. രാവിലെ 11 മണിയോടെ നെയ്തലക്കാവിലമ്മ തെക്കേഗോപുര നട തുറന്ന് ശ്രീമൂലസ്ഥാനത്തിനടുത്തുള്ള നിലപാട് തറയിലെത്തി വടക്കുന്നാഥന് അഭിമുഖമായി നില്ക്കും. അടിയന്തര മാരാർ മൂന്നുതവണ ശംഖ് വിളിക്കും. ഇതോടെ ശക്തന്റെ തട്ടകം പൂരാവേശത്തിലേക്ക് പ്രവേശിക്കും. നാളെ രാവിലെ കണിമംഗലം ശാസ്താവ് തെക്കേഗോപുര വാതിലിലൂടെ വടക്കുന്നാഥനിലേക്ക് പ്രവേശിക്കും. ഇതോടെ പൂരച്ചടങ്ങുകൾക്ക് തുടക്കമാകും.
ഇന്നു രാവിലെ എട്ടോടെ കുറ്റൂർ നെയ്തലക്കാവ് ഭഗവതി ആനപ്രേമികളുടെ ആവേശമായ എറണാകുളം ശിവകുമാറിന്റെ ശിരസിലേറി വടക്കുന്നാഥനിലേക്ക് പുറപ്പെടും. തിരുവമ്പാടി ക്ഷേത്രത്തിനും പാറമേക്കാവ് ക്ഷേത്രത്തിനും മുന്നിലൂടെ ക്ഷേത്രമൈതാനത്തേക്ക് കടക്കും. മണികണ്ഠനാലിലെത്തുമ്പോൾ കക്കാട് രാജപ്പൻ മാരാരുടെ നേതൃത്വത്തിൽ മേളത്തിന് തുടക്കമാകും. തുടർന്ന് ശ്രീമൂല സ്ഥാനത്ത് മേളം കൊട്ടിക്കലാശിച്ച ശേഷം ക്ഷേത്ര മതിൽക്കെട്ടിനകത്തേക്ക് പ്രവേശിക്കും.
തെക്കേനടയിൽ കുഴൽപ്പറ്റും കൊമ്പുപറ്റും നടത്തിയ ശേഷമാണ് തെക്കേഗോപുര നട തുറക്കുക.
ശിവകുമാർ തുമ്പികൊണ്ട് വാതിൽ തുറന്ന് പുറത്ത് കടക്കുമ്പോൾ കാത്തുനിൽക്കുന്ന പതിനായിരങ്ങൾ ആരവം മുഴക്കും. നെയ്തലക്കാവിലമ്മ മടങ്ങുമ്പോഴേക്കും തൃശൂർ പൂരത്തിമിർപ്പിലേക്ക് നീങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |