കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ പി പി ദിവ്യയെ റിമാൻഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തിരിക്കുന്നത്. പള്ളിക്കുന്നിലെ വനിതാ ജയിലിലായിരിക്കും ദിവ്യയെ പാർപ്പിക്കുക. അടുത്ത മാസം 12-ാം തീയതി വരെയാണ് റിമാൻഡ്.
കനത്ത പൊലീസ് സുരക്ഷയോടെയാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയത്. മജിസ്ട്രേറ്റിന്റെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ്, യുവ മോർച്ച പ്രവർത്തകർ കടുത്ത പ്രതിഷേധമാണ് നടത്തിയത്. കരിങ്കൊടിയുമായി എത്തിയ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പിപി ദിവ്യ നാളെ തലശേരി സെഷൻസ് കോടതിയിൽ ജാമ്യ ഹർജി നൽകും. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് കണ്ണൂർ കണ്ണപുരത്ത് വച്ച് പിപി ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നടപടികളിൽ വീഴ്ചയില്ലെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാകാതെയാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങിയത്.
ദിവ്യ നിരന്തരം പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് അറസ്റ്റ് വെെകിയതെന്നും കമ്മീഷണർ പ്രതികരിച്ചു. പൊലീസ് റിപ്പോർട്ടിലുള്ള കാര്യങ്ങളാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ഇത് പരിഗണിച്ചാണ് മുൻകൂർ ജാമ്യം തള്ളിയതെന്നും കമ്മീഷണർ പറഞ്ഞു.
എഡിഎമ്മിനെ അപമാനിക്കാൻ ദിവ്യ ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ പറയുന്നു. തന്റെ സഹപ്രവർത്തകരുടെയും ജീവനക്കാരുടെയും മുന്നിൽ അപമാനിതനായതിൽ മനംനൊന്ത് മറ്റ് വഴികൾ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്. ആസൂത്രിതമായാണ് ദിവ്യ ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്. ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |