കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പിപി ദിവ്യ കീഴടങ്ങി. കണ്ണൂർ കണ്ണപുരത്ത് വച്ചാണ് ദിവ്യ കീഴടങ്ങിയത്. ചോദ്യം ചെയ്തതിന് ശേഷം ദിവ്യയെ കോടതിയിൽ ഹാജരാക്കും. ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. കോടതിയിൽ ഹാജരാകാതെയാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കീഴടങ്ങാൻ പാർട്ടി നിർദ്ദേശം നൽകിയെന്നാണ് സൂചന.
പ്രാദേശിക പാർട്ടി പ്രവർത്തകർക്കൊപ്പമാണ് ദിവ്യ കീഴടങ്ങാൻ എത്തിയതെന്നാണ് വിവരം. ഉടൻ തന്നെ ദിവ്യയെ കണ്ണൂർ ടൗൺ സ്റ്റേഷനിലേക്ക് എത്തിക്കും. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമായിരിക്കും ദിവ്യയെ കോടതിയിൽ ഹാജരാക്കുക. എന്നാൽ പിപി ദിവ്യയെ കസ്റ്റഡിയിൽ എടുത്തതാണെന്ന് കമ്മിഷണർ അറിയിച്ചു. മറ്റ് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ചോദ്യം ചെയ്ത ശേഷം ബാക്കി കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവ്യയെ നിരന്തമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. എളുപ്പത്തിൽ കസ്റ്റഡിയിൽ എടുക്കാൻ ഇതാണ് കാരണമായത്. ഒപ്പറേഷൻ മുഴുവൻ പൂർത്തിയായ ശേഷം വിശദമായി സംസാരിക്കാം. കോടതി ഉത്തരവിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്താൻ സമയമെടുക്കും'- കമ്മിഷണർ പറഞ്ഞു. അതേസമയം, എവിടെ നിന്നാണ് ദിവ്യയെ കസ്റ്റഡിയിൽ എടുത്തതെന്ന ചോദ്യത്തിന് കമ്മിഷണർ മറുപടി പറയുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |