പാലക്കാട്: പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിൽ തോറ്റാലും ജയിച്ചാലും പി സരിനെ കണ്ണിലെ കൃഷ്ണമണിപോലെ സിപിഎം കാക്കുമെന്ന് പാർട്ടി സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദൻ. സരിന് സിപിഎമ്മിൽ മികച്ച ഭാവിയുണ്ടെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
'പാലക്കാട്ടെ തിരഞ്ഞെടുപ്പുഫലം എന്തായാലും പി സരിൻ ഇടതുപക്ഷത്തിന് മുതൽക്കൂട്ടായിരിക്കും. ഒരിക്കലും പിവി അൻവറിനെപ്പോലെയാകില്ല. ഒരു കമ്യൂണിസ്റ്റാവാൻ ഒരിക്കലും അൻവർ ശ്രമിച്ചിരുന്നില്ല. സരിന് മികച്ച രാഷ്ട്രീയ ഭാവിയുണ്ട്. പിപി ദിവ്യയുടെ അറസ്റ്റിൽ പൊലീസ് സ്വീകരിച്ചത് ശരിയായ നടപടിയാണ്. പ്രതിപക്ഷത്തിന്റെ ആരോപണം അസംബന്ധമാണ്. ദിവ്യയ്ക്കെതിരെയുള്ള നടപടി പാർട്ടി ആലോചിക്കും. അത് മാദ്ധ്യമങ്ങളാേട് പറയേണ്ടതില്ല. ദിവ്യയുടെ അറസ്റ്റ് സംബന്ധിച്ച വാർത്തകളിൽ ജനാധിപത്യ വിരുദ്ധമായ നിലപാടാണ് മാദ്ധ്യമങ്ങൾ സ്വീകരിച്ചത്'- അദ്ദേഹം പറഞ്ഞു.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ദിവ്യയുടെ അറസ്റ്റിലേക്ക് നയിച്ചത് പാർട്ടിയുടെ ഇടപെടലാണെന്നാണ് റിപ്പോർട്ടുകൾ. പൊതുജന വികാരം പാർട്ടിക്ക് എതിരായ സാഹചര്യത്തിൽകീഴടങ്ങാനുള്ള നിർദ്ദേശം ദിവ്യയ്ക്ക് നൽകുകയായിരുന്നു.ഇനി പാർട്ടി നടപടിയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.സമ്മേളനകാലത്ത് അച്ചടക്ക നടപടി പതിവില്ല. പക്ഷെ, ശക്തമായ വിമർശനം ഉയരുന്ന സാഹചര്യത്തിൽ അതിന് പാർട്ടി മുതിരാനാണ് സാദ്ധ്യത.ഇന്ന് ചേരുന്ന കണ്ണൂർ ജില്ലാ കമ്മറ്റി യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യുമെന്ന് ഉറപ്പാണ്.
പാർട്ടി കുടുംബം കൂടിയായ എ.ഡി.എമ്മിന്റെ ഭാര്യയുടെ പ്രതികരണം അടക്കം പാർട്ടിയെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുണ്ട് .കണ്ണൂരിലെ പാർട്ടി കോട്ടയിൽ തന്നെയായിരുന്നു ദിവ്യ ഒളിവിൽ കഴിഞ്ഞത്.മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുംവരെ പൊലീസിനെ തടഞ്ഞതും പാർട്ടിയാണ്. നവീൻബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് ആവർത്തിക്കമ്പോഴും ഇത്രയും കാലം ദിവ്യയുടെ ഒളിവ് ജീവിതത്തിന് സംരക്ഷണമൊരുക്കാൻ പാർട്ടിക്ക് സാധിച്ചു. ദിവ്യയ്ക്ക് പിന്തുണയുമായി വന്ന പാർട്ടി യുവജന വിഭാഗത്തിന് പാർട്ടിയും സർക്കാരും പരമാവധി സംരക്ഷണമൊരുക്കിയെന്ന സന്ദേശം നൽകാനും കഴിഞ്ഞു. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതിഭാഗം ഉന്നയിച്ച പല വാദങ്ങളും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റെ ആദ്യ പ്രസ്താവനയോട് ചേർന്നു നിൽക്കുന്നതായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |